വണ്ടൂർ പാലം പുനർനിർമാണം; ഉദ്യോഗസ്ഥർക്ക് മർദനമേറ്റു

പ്രളയത്തിനിടെ പിളര്‍ന്നുമാറിയ മലപ്പുറം വണ്ടൂരിലെ പാലം പുനര്‍നിര്‍ക്കാനുളള ശ്രമത്തിനിടെ ഉദ്യോഗസ്ഥന് മര്‍ദനമേറ്റു.  പൊതുമരാമത്ത് ഒാവര്‍സീയറുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പ്രളയത്തിൽ രണ്ടായി പിളർന്നു മാറിയ നടുവത്ത് - വെള്ളാമ്പുറം റോഡിൻറെ പുനർനിർമ്മാണപ്രവർത്തി കഴിഞ്ഞ ദിവസമാണ് പൊതുമരാമത്ത്  തുടങ്ങിയത്. അടിയന്തിര പ്രാധാന്യമുള്ള നിർമ്മാർന്ന പ്രവർത്തിയുടെ മേൽനോട്ട ചുമതല ഓവർസിയാറായ എന്‍.കെ. സദാനന്ദനാണ്.  നിലവിലെ സൈന്യം നിർമ്മിച്ച താൽക്കാലിക പാലത്തിന്റെ സാധന സാമഗ്രികൾ പ്രദേശവാസികളായചിലർ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചു.  ഇത് തടയാൻ ശ്രമിച്ച സദാനന്ദനെ മർദിക്കുകയുമായിരുന്നു. സദാനന്ദന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മർദിക്കുകയും, പോക്കറ്റിലുണ്ടായിരുന്ന പഴ്‌സ്, 14500 രൂപ വിലയുള്ള മൊബൈൽ ഫോൺ എന്നിവ വലിച്ചെറിയുകയും ചെയ്‌തെന്നാണ് പരാതി. നെഞ്ചിൽ ഇടിയേറ്റതിനെ തുടർന്ന് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ട സദാനന്ദൻ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.   ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.