സുള്ള്യയിൽ കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം; പിടികൂടാനായില്ല

കർണാടകയിലെ സുള്ള്യയിൽ വച്ച് പൊലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞ കൊലക്കേസ് പ്രതിയെ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും  പിടികൂടാനായില്ല.പെരിയ ആയമ്പാറയിലെ സുബൈദയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി അബ്ദുൾ അസീസാണ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെട്ടത്. പ്രതിക്കായി കർണാടക പൊലീസാണ് നിലവിൽ അന്വേഷണം നടത്തുന്നത്. 

സുബൈദ വധക്കേസിൽ പൊലീസ് അറസ്റ്റു ചെയ്ത അബ്ദുൾ അസീസ് കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കർണാടകയിലെ ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് സുള്ള്യ കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെ ശുചിമുറിയിൽ പോകാനെന്ന് ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ തെറ്റദ്ധരിപ്പിച്ചാണ് പ്രതി രക്ഷപ്പെട്ടത്.

സുള്ള്യ സ്വദേശിയായ പ്രതിക്കായി പ്രാഥമികമായ തിരച്ചിൽ മാത്രമാണ് കേരളാ പൊലീസ് നടത്തിയത്. കൂടുതൽ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് കർണാടക പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. സുള്ള്യയിൽ നിന്നുള്ള പൊലീസ് സംഘം അസീസിന്റെ ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. 

സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും തിരച്ചിൽ പുരോഗമിക്കുന്നു എന്നതിനപ്പുറം കൂടുതൽ വിവരങ്ങളൊന്നും കർണാടക പൊലീസിൽ നിന്നില്ല. സുബൈദക്കേസ് കോടതി പരിഗണിക്കാനിരിക്കെ രക്ഷപെട്ട രണ്ടാം പ്രതിയെ ഉടൻ പടികൂടേണ്ടതും അനിവാര്യമാണ്. ഈ സാഹചര്യത്തിൽ നിലവിലെ അന്വേഷണ സംഘത്തിൽ  കാസർകോട് നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തണമെന്ന കാര്യം ആവശ്യപ്പെടാനുള്ള ആലോചനയുമുണ്ട്. 

കഴിഞ്ഞ ജനുവരി പത്തൊൻപതിനാണ് തനിച്ചു താമസിക്കുകയായിരുന്ന സുബൈദയെ സ്വർണവും, പണവും അപഹരിക്കുന്നതിനായി അബ്ദുൾ അസീസും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്.

കേരളത്തിലും,കർണാടകയിലുൾപ്പെടെ നിരവധിക്കേസുകളിൽ പ്രതീയാണ് അസ്സീസ്. അന്വേഷണം ഊർജിതമാക്കിയില്ലെങ്കിൽ അസീസ് മറ്റു സംസ്ഥാനങ്ങളിലേയ്ക്കൊ, വിദേശത്തേയ്ക്കൊ രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടെന്നും പൊലീസ് വിലയിരുത്തുന്നു.