‘അച്ഛന്‍റെയും അമ്മയുടെയും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല’; കുറിപ്പെഴുതി പെണ്‍കുട്ടി തൂങ്ങിമരിച്ചു

എഞ്ചിനീയറിംഗ് പഠനത്തിലുണ്ടായ നൈരാശ്യത്തെ തുടര്‍ന്ന് ഗുവാഹത്തി ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു. ഐ.ഐ.ടി.യിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ പതിനെട്ടുകാരി ക്യാമ്പസിലെ ഹോസ്റ്റൽ മുറിയില്‍ ഫാനില്‍ തൂങ്ങുകയായിരുന്നു. കര്‍ണാടകയിലെ ശിമോഗയ്ക്കടുത്ത് ഹോസാന്‍ഗാര സ്വദേശിനിയാണ് നാഗശ്രീ.

‘അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകൾക്കനുസരിച്ച് എനിക്ക് ഉയരാൻ സാധിക്കില്ല. ഞാൻ പോകുന്നു’. മരിക്കും മുമ്പ് അവൾ കുറിച്ച് വച്ചതിങ്ങനെയാണ്.

നാഗശ്രീയുടെ റൂം മേറ്റ് ക്ലാസില്‍ പോയി മടങ്ങി വന്നപ്പോൾ മുറിയുടെ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. പല തവണ മുട്ടിയിട്ടും തുറന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് സെക്യൂരിറ്റിയെ വിവരം അറിയിച്ചു, അവർ പൊലീസിനെയും പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നാഗശ്രീയെ കണ്ടത്. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. എന്‍ജിനിയറിംഗ് പഠിക്കേണ്ടി വന്നതില്‍ പെൺകുട്ടി നിരാശയിലായിരുന്നു. മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്ക് ഒപ്പം ഉയരാന്‍ തനിക്ക് സാധിക്കില്ലെന്നും ആത്മഹത്യ കുറിപ്പില്‍ എഴുതിയിട്ടുള്ളതായി ഗുവാഹത്തി അഡീഷണല്‍ പോലീസ് സൂപ്രണ്ട് സഞ്ജിബ് സൈക്കി പറഞ്ഞു.