മറയൂരിൽ ചന്ദനം മോഷണം തുടർക്കഥയാകുന്നു; ഇരുട്ടിൽത്തപ്പി അധികൃതർ

മറയൂര്‍ സര്‍ക്കാര്‍ സ്ക്കൂളില്‍ നിന്നും സ്വകാര്യ ഭൂമിയില്‍ നിന്നും ചന്ദനം മുറിച്ച് കടത്തി. വനം വകുപ്പ് ഒാഫീസിനു സമീപത്ത് തന്നെയാണ് മോഷണം നടന്നത്. മറയൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു. 

മറയൂര്‍ മേഖലയിലെ സ്വകാര്യഭൂമികളില്‍ നിന്ന്  ചന്ദനം മുറിച്ച് കടത്തുന്നത് പതിവാകുന്നു.  മറയൂര്‍ ഹൈസ്‌കൂളിന് സമീപം ടെലഫോണ്‍ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ മോഹന്‍ദാസിന്റെ വീട്ട് മുറ്റത്ത് നിന്നിരുന്ന ചന്ദനമരം  രാത്രിയാണ് മോഷ്ടാക്കള്‍  മുറിച്ച് കടത്തിയത്.

മറയൂര്‍ ടൗണിലുള്ള സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ വളപ്പില്‍ നിന്ന് ചന്ദനമരങ്ങളുടെ ശിഖരങ്ങള്‍  ഭാഗികമായി മുറിച്ച നിലയിലാണ്. വനംവകുപ്പ് ഓഫീസുകളുടെയും പൊലീസ് സ്റ്റേഷന്റെയും  സമീപമുള്ള  സര്‍ക്കാര്‍ സ്ക്കൂള്‍  വളപ്പില്‍ നിന്നുമാണ് ചന്ദന മരം മുറിച്ച് കടത്തിയത്. രണ്ടാഴ്ച്ക്ക് മുന്‍പ് സ്‌കൂള്‍ സ്റ്റാഫ് മുറിയില്‍ നിന്ന് ഒരു ഇന്റര്‍നെറ്റ് മോഡവും രണ്ട് മാസം മുന്‍പ് മൂന്ന് സി.പി.യുവും അനുബന്ധ ഉപകരണങ്ങളും മോഷണം പോയിരുന്നു.

ചന്ദന മോഷണം പതിവായെന്നും കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. കാവലുള്ള വനം വകുപ്പ് ഒാഫീസുകള്‍ക്കും ചന്ദനക്കാടുകള്‍ക്കും സമീപത്ത് നിന്ന് വരെ ചന്ദനം മുറിച്ചുകടത്തുന്ന സംഘം മറയൂരില്‍ സജീവമാണ്.