കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ തോട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം

ഇടുക്കി കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ തോട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തോട്ടിലൂടെ ഒഴുകിവന്ന മൃതദേഹം ജീർണ്ണിച്ച നിലയിലാണ്. പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

കുമളി കുളത്തുപാലത്തെ പ്രദേശവാസികളാണ് തോട്ടിലൂടെ ഒഴുകി എത്തിയ മൃതദേഹം ആദ്യം കാണുന്നത്. കളിപ്പാട്ടം എന്തെങ്കിലും ആണ് എന്ന് വിചാരിച്ച് നടത്തിയ പരിശോധനയിൽ നവജാത ശിശുവെന്ന് തിരിച്ചറിഞ്ഞു. കുമളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തോട്ടിലെ മാലിന്യത്തിൽ ഉടക്കി നിന്ന മൃതദേഹം കരയ്ക്കെടുത്ത് കൂടുതൽ പരിശോധനകൾ നടത്തി. ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ പൊക്കിൾ കൊടി നീക്കം ചെയ്തിട്ടില്ല. ഒരാഴ്ച്ച മുതൽ ഒരു മാസം വരെ പ്രായമുള്ളതായി കണക്കാക്കുന്നു. 

കുമളിക്ക് സമീപമുള്ള അട്ടപ്പള്ളം, പത്തുമുറി, മുരുക്കടി എന്നിങ്ങനെയുള്ള സ്ഥലത്തു നിന്നുമാണ് തോടിന്റെ ഉത്ഭവം. അതു കൊണ്ട് തന്നെ കൂടുതൽ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്. ഇതിനു പുറമെ റോഡരികിൽ നിന്ന് മൃതദേഹം തോട്ടിലേയ്ക്ക് തള്ളിയോ എന്നതും പരിശോധിക്കും. മൃതദേഹം പോസ്റ്റുമാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.