നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; രണ്ടരകോടിയുടെ സ്വർണം പിടികൂടി

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട. മൂന്നു യാത്രക്കാരില്‍ നിന്നായി ഒന്‍പത് കിലോയോളം സ്വര്‍ണം പിടിച്ചെടുത്തു. റിയാദില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തുനിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 8675 ഗ്രാം സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്. വിപണിയില്‍ രണ്ടരക്കോടിയിലേറെ രൂപവില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. മൂന്നു വ്യത്യസ്ത കേസുകളിലായി മലപ്പുറം കോഴിക്കോട് സ്വദേശികളായ മൂന്നുപേരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. ഇവരില്‍ രണ്ടുപേര്‍ ഒരേ വിമാനത്തിലെ യാത്രക്കാരാണ്. ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ജിതിന്‍ കുണ്ടറക്കാടന്റെ പക്കല്‍ നിന്ന് 3600 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 

ഇതേ വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് സ്വദേശി മുഹമ്മദ് ചാക്കിലപ്പുറത്തിന്റെ പക്കല്‍ നിന്ന് 1875 ഗ്രാം സ്വര്‍ണവും പിടികൂടി. കുഴമ്പു രൂപത്തിൽ ബെൽറ്റിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെടുത്തത്. റിയാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ കടത്താന്‍ ശ്രമിച്ച 3200 ഗ്രാം സ്വര്‍ണവും ഡിആര്‍ഐ പിടികൂടി. സ്വര്‍ണം കടത്തിയ മലപ്പുറം സ്വദേശി ഫസല്‍ നന്തിയേടത്തിനെ കസ്റ്റഡിയിലെടുത്തു.