സ്കൂട്ടറിൽ കറങ്ങിനടന്ന് മാലമോഷണം; കമിതാക്കൾ പിടിയിൽ

സ്കൂട്ടറിൽ കറങ്ങിനടന്ന് മാലമോഷ്ടിക്കുന്ന കമിതാക്കൾ മാവേലിക്കരയിൽ പൊലീസ് പിടിയിൽ. മാവേലിക്കര കല്ലിമേലിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കമിതാക്കൾ കുടുങ്ങിയത്.

ഹരിപ്പാട് സ്വദേശി ബിജു വർഗീസ്, ചെങ്ങന്നൂർ എണ്ണയ്ക്കാട് സ്വദേശിനി സുനിത എന്നിവരാണ് പിടിയിലായത്. ജൂൺ പതിനെട്ടിന് കല്ലിമേലിൽ വഴി ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറിലെത്തിയ കമിതാക്കൾ   യുവതിയുടെ രണ്ടരപ്പവൻ മാലമോഷ്ടിച്ചു. ഈ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്. വ്യാജ നന്പർ പ്ലേറ്റ് ഘടിപ്പിച്ച സ്കൂട്ടറിൽ സഞ്ചരിച്ചാണ് ഇരുവരും  മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടേയും മൊബൈൽഫോൺ രേഖകളുടേയും സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. സുനിതയെ ചെങ്ങന്നൂര്‍ ബുധനൂരുള്ള വീട്ടിൽ നിന്നും ബിജുവിനെ ഹരിപ്പാട് നിന്നുമാണ് പിടികൂടിയത്.

 ടിപ്പർ ലോറി ഡ്രൈവറാണ് ബിജു. ചെട്ടിക്കുളങ്ങര ഭാഗങ്ങളിൽ ക്ഷേത്രത്തിൽ തൊഴാനെത്തുന്ന സ്ത്രീകളുടെ മാല മോഷണം നടത്തുന്നത് പതിവാണ്. കണ്ണിൽ മുളക്പൊടി വിതറിയും മോഷണം നടത്തിയതായും പൊലീസ് അറിയിച്ചു.