വിധവയായ വീട്ടമയെയും മകളെയും വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി

വിധവയായ മലയാളി വീട്ടമ്മയെയും മകളെയും ഭര്‍തൃസഹോദരനും മക്കളും വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. പരുക്കേറ്റ ഇരുവരും കില്‍പോക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. നിരന്തരമായ പീഡനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങേണ്ട സാഹചര്യമാണെന്ന് മര്‍ദനമേറ്റ വീട്ടമ്മ പറഞ്ഞു. സംഭവം നടന്ന് നാല് ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായി.

വര്‍ഷങ്ങളായി ചെന്നൈ ചേത്പേട്ടില്‍ താമസിക്കുന്ന സുലതയ്ക്കും കുടുംബത്തിനുമാണ് ഈ ദുരനുഭവം. പ്രളയത്തെ തുടര്‍ന്ന് തിരുവല്ലയിലെ ബന്ധുവീട്ടില്‍ സഹായത്തിന് പോയി മടങ്ങിയെത്തിയപ്പോള്‍ വീടിനുമുന്നില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടതെന്നും അത് മാറ്റാന്‍ പറഞ്ഞതിനാണ് ഭര്‍ത്താവിന്‍റെ ജ്യേഷ്ടനും മക്കളും വീട്ടില്‍ കയറി മര്‍ദിച്ചതെന്നും സുലത ആരോപിക്കുന്നു.. മുന്‍പും ഇത്തരത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബന്ധുക്കളാണെങ്കിലും ശത്രുക്കളെക്കാള്‍ മോശമായാണ് പെരുമാറുന്നത്. തൊട്ടടുത്താണ് വീടുകള്‍. തമിഴ്നാട്ടുകാരനായ ഭര്‍ത്താവിന്‍റെ മരണശേഷം തങ്ങളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട് വീടും സ്ഥലവും സ്വന്തമാക്കാനാണ് ശ്രമം. മകളെയും മര്‍ദിച്ചു. പൊലീസില്‍ പരാതി നല്‍കിയശേഷം ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോള്‍ പിന്തുടര്‍ന്ന് വന്ന് വീണ്ടും മര്‍ദിച്ചെന്നും ഇവര്‍ പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി നോക്കുകയാണ് സുലത.

മകളെ കൂടാതെ ഒരു മകനുമുണ്ട് ഇവര്‍ക്ക്. പൊലീസില്‍ പരാതി നല്‍കി നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും നിസാര കുറ്റങ്ങളാണ് ചുമത്തിയതെന്നും ആരോപണമുണ്ട്. . സന്നദ്ധ സംഘടനകള്‍ സഹായവുമായി രംഗത്തെത്തി. ഇന്ന് സിറ്റി പൊലീസ് കമ്മിഷ്ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്നത് തുടര്‍ന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.