കാസര്‍കോട് വന്‍ സ്വര്‍ണവേട്ട; 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കാസര്‍കോട് നഗരത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നു ഫ്ലാസ്ക്കിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ ഒരുകിലോയിലധികം സ്വര്‍ണം കൈമാറ്റം ചെയ്യുന്നതിനിടെ ടൗണ്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു.

ജില്ലയില്‍ സമീപകാലത്ത് നടന്നതില്‍ വച്ച് ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. ടൗണ്‍ സിഐയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ പി.അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നഗത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഘം വലയിലായത്. ദുബൈയില്‍ നിന്നു വരുകയായിരുന്ന നെല്ലിക്കുന്ന് സ്വദേശി അബ്ദുള്‍ ഷഹദ് മംഗളൂരു വിമാനത്താവളം വഴിയാണ് സ്വര്‍ണം കടത്തിയത്. നഗരത്തില്‍ വച്ച് വിദ്യാനഗര്‍ സ്വദേശിയായ ഷമീറിന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ വലയിലായി. ഫ്ലാസ്ക്കിനകത്ത് നേര്‍ത്ത പാളികളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത സ്വര്‍ണത്തില്‍ ഏറിയ പങ്കും. ബാക്കി സ്പീക്കറിനുള്ളിലും , ചെറിയ കമ്പികളുടെ രൂപത്തിലുമാണ്. മെര്‍ക്കുറി ഉപയോഗിച്ചിരുന്നതിനാല്‍ വെള്ളി നിറത്തിലായിരുന്നു സ്വര്‍ണം. 

പിടിച്ചെടുത്ത സ്വര്‍ണത്തിന് നാല്‍പതു ലക്ഷം രൂപയോളം മൂല്യമുണ്ട്. സംഭവത്തിന് പിന്നില്‍ ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് റക്കാറ്റാണെന്നാണ് പൊലീസിന്റെ നിഗമനം. ഗള്‍ഫില്‍ നിന്ന് സ്വര്‍ണമെത്തിച്ച വ്യക്തിയും, വാങ്ങാനെത്തിയ ഷെമീറും തമ്മില്‍ മുന്‍പരിചയം ഇല്ലയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തായി. ഇതോടെയാണ് പ്രൊഫഷണല്‍ സംഘമാണ് സ്വര്‍ണകടത്തിനു പിന്നിലെന്ന് പൊലീസ് ഉറപ്പിക്കുന്നത്. മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയടക്കം എങ്ങിനെ മറികടക്കാനായെന്നും അന്വേഷിക്കുന്നു. 

വിമാനത്താവളത്തിനുള്ളില്‍ അബ്ദുള്‍ ഷഹദിന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തശേഷം കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം. മംഗളൂരു വിമാനത്താവളം വഴി ജില്ലയിലേയ്ക്ക് സ്വര്‍ണമെത്തുന്ന സാഹചര്യത്തെ പൊലീസ് അതീവഗൗരവമായാണ് കാണുന്നത്.