ബസില്‍ മോഷണം; പിടിക്കുമെന്നായാല്‍ പൊടുന്നനെ ‘വേഷമാറ്റം’, മൂന്ന് ജോഡി ഡ്രസ് കയ്യില്‍

ബസ് യാത്രയ്ക്കിടെ പണം മോഷ്ടിക്കുന്ന ഇതര സംസ്ഥാനക്കാരിയെ പൊലീസ് പിടികൂടി. തമിഴ്നാട് സേലം സ്വദേശി മഞ്ജു (36) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് ആറിന് തലയോലപ്പറമ്പ് സ്റ്റാൻ‍ഡിലെ ശുചിമുറിയിൽ കയറി വേഷംമാറി ഇറങ്ങിയത് ഷാഡോ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടാണ് പിടിക്കപ്പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ വേഷം മാറാൻ മൂന്ന് ജോടി ഡ്രസ്സാണ് ഇവർ ധരിച്ചിരിക്കുന്നത്. 

മോഷണം പിടിക്കപ്പെടുമെന്ന് സംശയം തോന്നിയാൽ നിമിഷങ്ങൾക്കുള്ളിൽ പുറമെയുള്ള വസ്ത്രം ഊരിമാറ്റി കടന്നുകളയും. മഞ്ജുവിനെ വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തലയോലപ്പറമ്പിലും സമീപപ്രദേശങ്ങളിലും ബസ് യാത്രക്കിടയിൽ യാത്രക്കാരുടെ പണം നഷ്ടപ്പെടുന്നത് പതിവായതോടെ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കല്ലറ ഭാഗത്തുനിന്നുവന്ന ബസിൽനിന്നു സാരിയുടുത്ത് ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഇതരസംസ്ഥാനക്കാരിയായ സ്ത്രീ ശുചിമുറിയിൽ കയറിയിറങ്ങിയപ്പോൾ ചുരിദാർ ധരിച്ച് കൂത്താട്ടുകുളം ഭാഗത്തേക്കുള്ള ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നി പിടികൂടുകയായിരുന്നു. 

വനിതാ പൊലീസ് ശ്രീലതാ അമ്മാളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചുരിദാറിനുള്ളിൽ വേറെ ഡ്രസ് ധരിച്ചു കണ്ടു. ഇവരുടെ ഉൾവസ്ത്രത്തിനുള്ളിൽ നിന്ന് 1900രൂപയും ബാഗിൽനിന്ന് 770രൂപയും കണ്ടെടുത്തു. തലയോലപ്പറമ്പ് എസ്ഐ: ര‍‍ഞജിത് കെ.വിശ്വനാഥ്, ഷാഡോ പൊലീസ് എഎസ്ഐമാരായ കെ.നാസർ, പി.കെ.ജോളി എന്നിവരാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ 27ന് സമാനരീതിയിൽ മോഷണം നടത്തിവന്ന ആലുവ എടത്തല മുട്ടത്തുകാട്ടിൽ ബെന്നിയെ (56) പൊലീസ് പിടികൂടിയിരുന്നു.