ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്ക് അയച്ച കത്ത് പുറത്ത്

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്കയച്ച കത്ത് പുറത്ത്. ബിഷപ്പ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് കന്യാസ്ത്രീ കത്തില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. ഫോണില്‍ വിളിച്ചും അശ്ലീലം പറഞ്ഞു, ബിഷപ്പ് മാനസികമായും പീഡിപ്പിക്കുന്നു.ഭയന്നിട്ടാണ്  പുറത്തു പറയാതിരുന്നതെന്നും കത്തിൽ വിശദീകരിക്കുന്നു.

2014 ഏപ്രിൽ 20നാണ് ആദ്യ പീഡനത്തിന് ഇരയായതെന്നു കന്യാസ്ത്രീ നേരത്തേ മൊഴി നൽകിയിരുന്നു. തൃശൂരിൽ സഭയുടെ ചടങ്ങിൽ പങ്കെടുത്തശേഷം കുറവിലങ്ങാട്ടെ മഠം അതിഥി മന്ദിരത്തിൽ എത്തിയ ബിഷപ് തന്നെ 20ാം നമ്പർ മുറിയിലേക്കു വിളിച്ചു വരുത്തി പീഡനത്തിനിരയാക്കി. വൃദ്ധസദനവും വനിതാ ഹോസ്റ്റലും പ്രവർത്തിക്കുന്ന മഠത്തിലെ ഗെസ്റ്റ് ഹൗസിൽ ബിഷപ്പുമാർ താമസിക്കാൻ പാടില്ലെന്നാണു ചട്ടമെന്നും കന്യാസ്ത്രീയുടെ മൊഴിയിൽ പറയുന്നു.

എന്നാൽ‌ സഭയുടെ സ്ഥാപനങ്ങളിൽ എത്തുമ്പോൾ ബിഷപ് പലപ്പോഴും തങ്ങിയതു കുറവിലങ്ങാട്ടെ മഠത്തിലായിരുന്നു. പിന്നീടു ജലന്ധറിൽ എത്തിയ ബിഷപ് അവിടെനിന്നു ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു. തുടർന്നാണു സഭയിൽ പരാതി നൽകിയതെന്നും കന്യാസ്ത്രീ അന്വേഷണ സംഘത്തിനു മുന്നിൽ വ്യക്തമാക്കിയിരുന്നു. 

അതേസമയം ജലന്തർ ബിഷപ്പിനെതിരെ കന്യാസ്ത്രി പരാതി നൽകിയ ഉജ്ജെയിൻ ബിഷപ്പിന്റെ മൊഴിയെടുക്കാനായി അന്വേഷണസംഘം മധ്യപ്രദേശിലേക്ക് തിരിക്കും. ഉജ്ജെയിൻ ബിഷപ്പിന്റെ മൊഴിയെടുത്തശേഷം നാളെ ഡൽഹിയിൽ മടങ്ങിയെത്തി വത്തിക്കാൻ എംബസിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാകും അന്വേഷണ സംഘത്തിന്റെ ശ്രമം. തെളിവുകൾ പരമാവധി ശേഖരിച്ച ശേഷം മാത്രമാകും ജലന്തറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്യുക.

മുൻകൂട്ടി അനുമതി വാങ്ങാതെ വത്തിക്കാൻ എംബസിയിൽനിന്ന് തെളിവെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ കരുതലോടെ നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘം ജലന്തറിലെത്താനെടുക്കുന്ന കാലതാമസം പരാതിക്കാരിയായ കന്യാസ്ത്രിയുടെ ബന്ധുക്കളിൽ നിന്നടക്കം വ്യാപകവിമർശനങ്ങൾകിടയാക്കി. 

ജലന്തറിലെത്തുന്ന സാഹചര്യത്തിൽ പഞ്ചാബ് പൊലീസിന്റെ സഹായം തേടുമെന്നായിരുന്നു കേരള പൊലീസ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പഞ്ചാബ് പൊലീസിന് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് വിവരം.ജലന്തറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കന്യാസ്ത്രിയുടെ പരാതിയുമായി ബന്ധപ്പെട്ട് മറ്റ് ചിലരിൽനിന്നും തെളിവെടുക്കേണ്ടി വരുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. 

അതേസമയം അന്വേഷണത്തിലെ കാലതാമസം മുതലെടുത്ത് ബിഷപ്പിനനുകൂലമായി കുടുതൽ വിശ്വാസികളുടെ പിന്തുണ ആർജിക്കാനുള്ള ശ്രമത്തിലാണ് ജലന്തർ രൂപത. ജലന്തർ രൂപതയും, വ്യക്തിപരമായി താനും വലിയ പ്രതിസന്ധിഘട്ടത്തിലാണെന്നും പ്രാർഥിക്കണമെന്നും ആവശ്യപ്പെട്ട് രൂപതാ മുഖപുസ്തകമായ സാഡാ സമാനയിലൂടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലേഖനമെഴുതി. രൂപതയിലെ കുടുംബ യൂണിറ്റുകൾ വഴിയാണ് പുസ്തകം വിതരണം ചെയ്യുന്നത്.