മേയര്‍ക്കും എംഎല്‍എക്കും എതിരെ വീണ്ടും കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി

arya-rajendran-04
SHARE

മേയര്‍ – കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എം.എല്‍എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസ്. ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ എഫ്ഐആറിലുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സച്ചിന്‍ ദേവ്, ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കുന്നില്ലെന്നും തനിക്കെതിരെ മാത്രം കേസെടുത്തെന്നും, കോടതി ഇടപെടണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയെന്നും അന്യായമായി തടങ്കലില്‍വച്ച് അസഭ്യം പറഞ്ഞെന്നുമുള്ള ഹര്‍ജിയില്‍ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചത്. പിന്നാലെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇരുവര്‍ക്കുമെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. 

പ്രതികള്‍ തെളിവ് നശിപ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ബസിലെ സിസിടിവി ക്യാമറയുെട മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു. സച്ചിന്‍ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ കോടതിയില്‍നിന്ന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നാണ് പൊലീസ് വിശദീകരണം. മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ ,കണ്ടാലറിയാവുന്നയാള്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തു. അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയില്‍ സച്ചിനും ആര്യയ്ക്കുമെതിരെ കന്‍റോണ്‍മെന്‍റ് പൊലീസ് കോടതി നിര്‍ദേശപ്രകാരം നേരത്തെ കേസെടുത്തിരുന്നു.  

MORE IN BREAKING NEWS
SHOW MORE