വടകരയിൽ എസ്.എഫ്.ഐ- എ.ബി.വി.പി സംഘർഷം: എഴുപേർക്ക് പരുക്ക്

കോഴിക്കോട് വടകര സഹകരണ കോളജില്‍ എസ്.എഫ്.ഐ, എ.ബി.വി.പി സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥിനികളുള്‍പ്പെടെ ഏഴുപേര്‍ക്ക് പരുക്ക്. എ.ബി.വി.പി സംഘടിപ്പിച്ച വിശാല്‍ അനുസ്മരണ പരിപാടിയിക്കിടെയായിരുന്നു സംഘര്‍ഷം. പരുക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകര്‍ ചികില്‍സ തേടിയ ജില്ലാ ആശുപത്രിയില്‍ ഇരുവിഭാഗവും തമ്മില്‍ അടിപിടിയുണ്ടായി. 

കലാലയത്തിലെ കലഹമൊഴിയുന്നില്ല. കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സഹകരണ കോളജില്‍ എസ്.എഫ്.ഐ, എ.ബി.വി.പി തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശാല്‍ അനുസ്മരണ പരിപാടിയിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്. എ.ബി.വി.പി നേതാക്കളായ കേദാര്‍ നാഥ്, വിഷ്ണുരാജ് എന്നിവര്‍ക്ക് തലയ്ക്കും കഴുത്തിനും പരുക്കേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ വടകരയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടികളെയുള്‍പ്പെടെ ആക്രമിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയെന്നാണ് എ.ബി.വി.പിയുടെ പരാതി. 

പരുക്കേറ്റവരെ ആദ്യമെത്തിച്ച വടകര ജില്ലാ ആശുപത്രിയില്‍ ഇരുവിഭാഗവും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. എന്നാല്‍ അനുസ്മരണ പരിപാടിക്കിടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കിയെന്നാണ് എസ്.എഫ്.ഐയുടെ ആക്ഷേപം. പുറത്ത് നിന്നുള്ള നേതാക്കളെയെത്തിച്ച് കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും നേതാക്കള്‍ പറയുന്നു.