മദ്യലഹരിയിൽ പൊലീസ് സംഘം, എതിരെ വന്ന വാഹനത്തില്‍ ഇടിച്ചു; ബഹളം

മദ്യലഹരിയിലായിരുന്ന പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം കുമളിയില്‍ വച്ച്  എതിരെ വന്ന വാഹനത്തില്‍  ഇടിച്ചു. ഓടിക്കൂടിയ നാട്ടുകാർ ബഹളം വച്ചതോടെ. സ്ഥലം എസ്.ഐയുടെ  നേതൃത്വത്തില്‍ ഇവരെ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

ഇന്നലെ രാത്രി ഏഴരയോടെ കുമളി ടൗണിലാണ് സംഭവം. കുമളി ടൗണിലെ ഒരു ഹോട്ടലില്‍ എസ് ഐയുടെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴാണ്  അപകടമുണ്ടായത്. യാത്രയയപ്പ് പരിപാടിയില്‍  പങ്കെടുത്ത് മദ്യപിച്ച്  മടങ്ങിയ രണ്ടു പൊലീസുകാർ സഞ്ചരിച്ചിരുന്ന കാർ തേക്കടി ജംഗ്ഷനിൽ എതിരെ വന്ന പഞ്ചായത്ത് വാഹനത്തിലാണ് ഇടിച്ചത് . ശേഷം ഇരുചക്രവാഹനത്തിലും ഇടിച്ചു. ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന  സ്ത്രീ റോഡിലേയ്ക്ക് വീണതോടെ നാട്ടുകാർ വാഹനം തടഞ്ഞു. താൻ എസ് ഐയാണെന്ന് വാഹനത്തിലുണ്ടായിരുന്നവരിൽ ഒരാൾ പറഞ്ഞെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. കുമളി സ്‌റ്റേഷനിൽ നിന്ന് പൊലീസ് എത്തിയ ശേഷമാണ് ഇവരെ കാറിൽ നിന്ന് ഇറങ്ങാൻ സമ്മതിച്ചത്. പിന്നീട് വാഹനത്തിലുണ്ടായിരുന്നവരെ കുമളി പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.