തൊഴിൽ വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ചു; നാലംഗ സംഘം പിടിയിൽ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ തൊഴിൽ വാഗ്ദാനം നൽകി പണം തട്ടാൻ ശ്രമിച്ച നാലംഗസംഘം കൊച്ചിയിൽ അറസ്റ്റിലായി. ഒരു മലയാളിയും മൂന്ന് തമിഴരും ഉൾപ്പെടുന്ന സംഘത്തെ നഗരത്തിലെ നക്ഷത്രഹോട്ടലിൽനിന്നാണ് പൊലീസ് പിടികൂടിയത്.

ഷർട്ടൊക്കെ പാന്റിനുള്ളിലാക്കി ടിപ് ടോപായി നിൽക്കുന്ന നാലുപേരിൽ താടിവച്ച് അൽപം തടിയുള്ളയാളാണ് സംഘത്തലവൻ. മലപ്പുറം തിരൂർ സ്വദേശി ശ്രീജിത്ത്. തമിഴ്നാട്ടുകാരായ ദിനേശ്, കാർത്തിക്, ശെൽവകുമാർ എന്നിവരാണ് സംഘാംഗങ്ങൾ. എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് സംഘം അപേക്ഷ ക്ഷണിച്ചത് പ്ളസ് ടൂക്കാരിൽ നിന്നായിരുന്നു. നവമാധ്യമങ്ങൾവഴിയൊക്കെ ഉദ്യോഗാര്‍ഥികളെ സംഘംതന്നെ കണ്ടെത്തി അഭിമുഖത്തിന് കൊച്ചിയിലെ ഹോട്ടലിലേക്ക് ക്ഷണിച്ചു. 

പന്ത്രണ്ടുപേര്‍ അഭിമുഖത്തിനെത്തി. എന്നാല്‍ അഭിമുഖത്തിന് വരാത്ത ചിലര്‍ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ച് വിവരമാരാഞ്ഞപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധിക‍ൃതര്‍ പൊലീസില്‍ വിവരമറിയിച്ചതോടെ കൊച്ചിയിലെ നക്ഷത്രഹോട്ടലില്‍ തങ്ങിയ സംഘത്തിന് പിടിവീണു.

നാലരലക്ഷം രൂപമുതല്‍ മേല്‍പ്പോട്ടുള്ള തുകയാണ് സംഘം ഉദ്യോഗാര്‍ഥികളോട് ആവശ്യപ്പെട്ടത്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്നതടക്കം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.