തൃശൂര്‍ സ്വദേശി കോയമ്പത്തൂര്‍ ജയിലില്‍ മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിയായ യുവാവ് കോയമ്പത്തൂര്‍ ജയിലില്‍ മരിച്ചു. കുഴല്‍പണ കടത്തു കേസില്‍ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത ശേഷം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.  കോടാലി ശ്രീധരനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തമിഴ്നാട് പൊലീസിന്റെ മര്‍ദ്ദനം.  

തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി യോഗേഷിനെ കഴിഞ്ഞ പത്തിനാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് പൊലീസും ഗുണ്ടകളും ചേര്‍ന്ന് അഞ്ചു ദിവസങ്ങളോളം അനധികൃതമായ കസ്റ്റഡിയില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി. ബന്ധുക്കള്‍ ഒരുതവണ കണ്ടപ്പോള്‍ അവശനിലയിലായിരുന്നു. പിന്നീട്, ബന്ധുക്കളുടെ പരാതി രൂക്ഷമായപ്പോള്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ പതിനഞ്ചിന് കോയമ്പത്തൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. കുഴല്‍പ്പണ കടത്തു സംഘങ്ങളുടെ ഗുണ്ടകളാണ് കൂടുതല്‍ മര്‍ദ്ദിച്ചത്. കുഴല്‍പണം കവര്‍ന്ന കേസില്‍ യോഗേഷിനൊപ്പം വരന്തരപ്പിള്ളിയിലെ നാലു യുവാക്കളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ ജീവനും അപകടത്തിലാണെന്ന് ബന്ധുക്കള്‍ പറയുന്നു. 

മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതി ഉയര്‍ന്നതോടെ കോയമ്പത്തൂര്‍ മജിസ്ട്രേറ്റ് നേരിട്ടെത്തിയാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുക്കൊടുത്തു. നേരത്തെ കുഴല്‍പണം കവര്‍ന്ന കേസില്‍ യോഗേഷിനെ കേരള പൊലീസും അറസ്റ്റ് ചെയ്തിരുന്നു. കുഴിഞ്ഞ കുറേക്കാലമായി കുടുംബസമേതം കഴിയുകയായിരുന്ന യോഗേഷിനെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. കോടാലി ശ്രീധരനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തമിഴ്നാട് പൊലീസിന്റെ മര്‍ദ്ദനം.