പൂർണ ഗർഭിണിയുടെ തിരോധാനം: ഷംന ചെന്നൈ മെയിലില്‍ കയറിയതായി സ്ഥിരീകരണം, ദുരൂഹത കൂടി

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയായ ഷംന ചെന്നൈ മെയിലില്‍ കയറിയതായി പൊലീസ് സ്ഥിരീകരിച്ചു. എറണാകുളത്തെത്തിയപ്പോള്‍ ഷംനയെ കണ്ടതായി ടി.ടി.ഇ പൊലീസിനെ അറിയിച്ചു. ആലപ്പുഴയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ട് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഇറങ്ങിയതായും ടി.ടി.ഇ മൊഴി നല്‍കി. 

ഇതിന്റെ അടിസ്ഥാനത്തില്‍ ഷംനയ്ക്കായുള്ള തിരച്ചില്‍ ആലപ്പുഴയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.  ഷംനയെ കണ്ടെത്തുന്നവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസിന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്യവും പ്രസിദ്ധീകരിച്ചു. അതേസമയം പ്രസവത്തിന്റെ തീയതി അടുത്തിരുന്നോ എന്ന കാര്യത്തില്‍ പൊലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം എസ്.എ.ടി ആശുപത്രിയിലെത്തിയപ്പോള്‍ പഴയ ചികിത്സാരേഖകള്‍ കൊണ്ടുവന്നിരുന്നില്ല. പ്രസവത്തീയതി അടുത്തെന്ന് ഷംന അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഡ്മിറ്റാകാന്‍ നിര്‍ദേശിച്ചതെന്നാണ് ഡോക്ടര്‍മാരും വിശദീകരിക്കുന്നത്. എന്തായാലും ഗര്‍ഭിണിയെ കാണാതായി രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോളും എവിടെയെന്ന് ചോദ്യത്തിന് ഉത്തരമില്ല.ആശുപത്രികളിലും ലോഡ്ജുകളിലും തിരഞ്ഞെങ്കിലും തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ പരസ്യം പ്രസിദ്ധീകരിക്കാന്‍ പൊലീസ് തീരുമാനിച്ചു.

പ്രസവത്തിന് മുന്നോടിയായുള്ള പരിശോധനക്കായി ആശുപത്രിക്കുള്ളിലേക്ക് കയറിയ മടവൂര്‍ സ്വദേശിനി ഷംനയെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് കാണാതായത്. മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചപ്പോള്‍ വൈകിട്ടോടെ എറണാകുളത്തെത്തിയതായി കണ്ടെത്തി. ഇതോടെ പൊലീസും ഭര്‍ത്താവ് അന്‍ഷാദ് അടക്കമുള്ള ബന്ധുക്കളും കൊച്ചിയിലെത്തി  തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.