പേരാമ്പ്ര ദമ്പതി വധക്കേസില്‍ പ്രതിയ്ക്കു ഇരട്ടജീവപര്യന്തം

പേരാമ്പ്ര ദമ്പതി വധക്കേസിൽ പ്രതി കൂനേരി കുന്നുമ്മൽ ചന്ദ്രന് 22 വര്‍ഷം കഠിനതടവ്, ഇരട്ടജീവപര്യന്തം . വടകര അ‍ഡീഷനല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. എളചെട്ട്യാൻ‌ വീട്ടിൽ ബാലകൃഷ്ണൻ, ഭാര്യ ശാന്ത എന്നിവരാണു വെട്ടേറ്റു മരിച്ചത്. 

കൊലയ്ക്കു ശേഷം വീട്ടിൽ നിന്നു  സ്വർണാഭരണങ്ങൾ കവര്‍ന്നിരുന്നു. കൊല്ലപ്പെട്ട ബാലകൃഷ്ണനുമായി പ്രതിക്കു നേരത്തേ തന്നെ സാമ്പത്തിക ഇടപാട് ഉണ്ടെന്നു പറയുന്നു. വിദേശത്തുള്ള മക്കൾ നാട്ടിൽ വരുമെന്നും അതിനു മുൻപു ബാധ്യത തീർക്കണമെന്നും ബാലകൃഷ്ണൻ ചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. ചന്ദ്രൻ പെട്ടെന്നു പ്രകോപിതനാകാനുള്ള കാരണം ഇതായിരുന്നു.

സാമ്പത്തിക ഇടപാടുകളെപ്പറ്റി സംസാരിക്കാനായിരുന്നു ചന്ദ്രൻ രാത്രി ബാലകൃഷ്ണന്റെ വീട്ടിലെത്തിയത്. വീടിന്റെ മുകളിലത്തെ കിടപ്പുമുറിയിൽ ഇരുവരും സംസാരിക്കുന്നതിനിടയിൽ നേരത്തേ കരുതിവച്ച കത്തിയെടുത്തു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ട് ഒാടിയെത്തിയ ശാന്തയെ രണ്ടാംനിലയിലെ വരാന്തയിൽ വെട്ടി വീഴ്ത്തി. ബഹളം കേട്ട് ഒാടിയെത്തിയ അടുത്ത വീട്ടിലെ പ്ലസ്ടു വിദ്യാർഥി അഖിലിനെയും വെട്ടിയെങ്കിലും കയ്യിനു മാത്രമാണു മുറിവേറ്റത്. 

ചന്ദ്രന്റെ മകന്റെ കൂട്ടുകാരനാണു താനെന്നും ഒന്നും ചെയ്യരുതെന്നും അഖിൽ പറഞ്ഞതിനെത്തുടർന്ന് ‘ഇൗ വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലു’മെന്നു ഭീഷണിപ്പെടുത്തി ഒഴിവാക്കുകയായിരുന്നുവത്രെ. അപ്പോഴേക്കും അഖിലിന്റെ സഹോദരൻ അജിലും എത്തിയിരുന്നു. പരുക്കേറ്റ അഖിലിനെ സഹോദരനാണു പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത്. ആശുപത്രിയിൽ അഖിലിനെ ചോദ്യം ചെയ്തതിനെത്തുടർന്നാണു പൊലീസിനു കൊലപാതകിയെക്കുറിച്ചു സൂചന ലഭിച്ചത്. തുടർന്നു ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.