ആയുര്‍വേദ ചികിത്സക്കെത്തി; അടിമുടി ദുരൂഹതയിൽ ലീഗയുടെ തിരോധാനം

തിരുവനന്തപുരത്ത് ആയുര്‍വേദ ചികിത്സക്കെത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ലുത്്്വാനിയക്കാരിയായ ലീഗ എന്ന മുപ്പത്തിമൂന്നുകാരിയെയാണ് നാലു ദിവസമായി കാണാതായത്. ലീഗ വിഷാദരോഗത്തിന് ചികില്‍സയിലായിരുന്നെന്നും പൊലീസ് അന്വേഷണം ഊര്‍ജിതമല്ലെന്നും സഹോദരി ഇലീസ് മനോരമ ന്യൂസിനോട് പറഞ്ഞു.  

തിരുവനന്തപുരം പോത്തന്‍കോടിനടുത്ത് ആയുര്‍വേദ ആശ്രമത്തില്‍ ചികിത്സക്കും യോഗ പഠനത്തിനും എത്തിയതാണ് സഹോദരിമാരായ ഇലീസും ലീഗയും. 10 ദിവസം വര്‍ക്കല കടല്‍തീരത്ത് ചെലവഴിച്ചശേഷമാണ് ഇവര്‍ പോത്തന്‍കോടെത്തിയത്. ബുധനാഴ്ച രാവിലെ ഇലീസ് യോഗ ക്്ളാസിനു പോയി. സാധനങ്ങള്‍വാങ്ങാനെന്നു പറഞ്ഞ് ലീഗ ആശ്രമത്തിന് പുറത്തേക്കും. ഒരു മണിക്കൂര്‍കഴിഞ്ഞ് ഇലിസ് തിരിച്ചെത്തിയിപ്പോള്‍ ലീഗ മുറിയിലില്ല. 

വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു ലീഗ. അധികം ആരുമായും സംസാരിക്കാത്ത പ്രകൃതവും. പാസ്പോര്‍ട്ട്, മൊബയ്്്ല്‍ ഫോണ്‍ എന്നിവയൊന്നും എടുക്കാതെ ഇവര്‍ കോവളത്തേക്ക് പോയതും ദുരൂഹത വര്‍ധിപ്പിക്കുന്നു. എന്നാല്‍ പൊലീസ് ഇതൊന്നും ഗൗരവത്തോടെയെടുത്തിട്ടില്ല. അയര്‍ലന്‍ഡില്‍സ്ഥിരതാമസക്കാരായതിനാല്‍ ഐറിഷ്, ലുത്വേനിയന്‍ സ്ഥാനപതികാര്യാലയങ്ങളുടെ സഹായം തേടാനാണ് ഇലിസിന്റെ തീരുമാനം.  കേസ് അന്വേഷണത്തിന്റെ ചുമതല കോവളം, പോത്തന്‍കോട് പൊലീസ് സ്്റ്റേഷനുകള്‍ക്കാണ്.