അയിരൂപ്പാറ ഫാര്‍മേഴ്സ് ബാങ്ക് തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം അയിരൂപ്പാറ ഫാര്‍മേഴ്സ് ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തട്ടിപ്പില്‍ ബാങ്ക് ജീവനക്കാര്‍ക്ക് അടക്കം കൂടുതല്‍ പേര്‍ക്ക് പങ്കെന്ന പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. മറ്റ് സഹകരണബാങ്കിലും സമാനതട്ടിപ്പ് നടന്നോയെന്ന് പരിശോധിക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.

തിരുവനന്തപുരം പോത്തന്‍കോടിന് സമീപം അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിലാണ് വന്‍തോതിലുള്ള മുക്കുപണ്ടം തട്ടിപ്പ് നടന്നത്. പോത്തന്‍കോട് സ്വദേശിയായ റീന ഒന്നര വര്‍ഷത്തിനിടെ മുക്കുപണ്ടം പണയം വച്ച് നാല് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. റീനയും സഹായികളായ ഷീബ, ഷീജ , സാജിത് എന്നിവരെയും പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്ക് മാനേജരും ക്ളര്‍ക്കും റീനയുടെ മറ്റൊരു ബന്ധുവും അടക്കം മൂന്ന് പേര്‍ കുടി തട്ടിപ്പില്‍ പങ്കെന്നും കണ്ടെത്തി.. എന്നാല്‍ ഇവരില്‍ മാത്രം ഒതുങ്ങുന്നതല്ല തട്ടിപ്പെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഒരാള്‍ക്ക് പണയം വച്ച് നാല്‍പത് ലക്ഷം മാത്രമെ എടുക്കാനാവൂവെന്നിരിക്കെ ഒന്നര വര്‍ഷത്തിനിടെ അറുപത്തിയേഴ് തവണ റീന പണയം വച്ചു. ഇതെല്ലാം മുക്കുപണ്ടമായിട്ടും കണ്ടെത്താതിരുന്നതില്‍ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കെന്നാണ് സംശയിക്കുന്നത്. സി.പി. എം ഭരിക്കുന്ന ബാങ്ക് ഭരണസമിതിയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ജില്ലയിലെ മറ്റ് നാല് സഹകരണ ബാങ്കുകളില്‍ കൂടി റീനയ്ക്ക് അക്കൗണ്ടുള്ളതായി കണ്ടെത്തി. അതിനാല്‍ മറ്റ് ബാങ്കുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. . ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ച് ഡി.ജി.പി ക്രൈംബ്രാഞ്ചിന് കൈമാറിയത്.