ചന്ദനമോഷണക്കേസ് പ്രതിയെ അതിസാഹസികമായി പിടികൂടി

ഒരു ഡസനിലേറെ ചന്ദനമോഷണക്കേസുകളില്‍ പ്രതിയായ മറയൂര്‍ സ്വദേശിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അതിസാഹസികമായി പിടികൂടി. തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച കാന്തല്ലൂര്‍ പെരടിപള്ളം സ്വദേശി ശേഖറിനെയാണ് വനപാലകര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. ശേഖറിനെ അറസ്റ്റ് ചെയ്തതില്‍ ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ സിപിഎം നേതാക്കളുടെ പ്രതിഷേധം. 

കഴിഞ്ഞ ഏഴു വർഷമായി മറയൂരിലെ വനത്തില്‍ നിന്ന് ചന്ദനമരങ്ങള്‍ തമിഴ്നാട്ടിലേക്ക് മുറിച്ചുകടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ശേഖര്‍. 2008 ൽ ചന്ദന മോഷണം തുടങ്ങിയ ശേഖറിന്‍റെ പേരില്‍ 12 കേസുകള്‍ നിലവിലുണ്ട്. തമിഴ്നാട്ടിലെ ചന്ദനമാഫിയയുടെ ഇടനിലക്കാരനായും ശേഖര്‍ പ്രവര്‍ത്തിച്ചു. മാഫിയ സംഘത്തിന്‍റെ തലവനായിരുന്ന ദണ്ഡുകൊമ്പ് സ്വദേശി ആനന്ദിന്‍റെ കൂട്ടാളിയാണ് ശേഖര്‍. രണ്ട് മാസം മുന്‍പ് ആനന്ദിനെ വനംവകുപ്പ് പിടികൂടി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ശേഖറിന്‍റെ പങ്ക് വ്യക്തമായത്. ശേഖറിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും വിജയംകണ്ടില്ല. ഇതിനിടെ മുൻകൂർജാമ്യത്തിനായിശേഖര്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കോവില്‍ക്കടവില്‍ നിന്നാണ് ശേഖറിനെ പിടികൂടിയത്. 

കീഴടങ്ങാന്‍ ശ്രമിച്ച ശേഖറിനെ വനപാലകര്‍ പിടികൂടി മര്‍ദ്ദിച്ച് അവശനാക്കിയെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. സിപിഎം മറയൂര്‍ ലോക്കല്‍ സെക്രട്ടറി എസ്. മുരുകയ്യയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ പയസ് നഗര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ പ്രതിഷേധവുമായെത്തി. ചന്ദനക്കൊള്ളക്കാരെ സംരക്ഷിക്കുന്നത് പ്രാദേശിക രാഷ്ട്രീയ നേതൃത്വമാണെന്ന ആരോപണം ശരിവെക്കുന്നതാണ് സിപിഎം നേതാക്കളുടെ ഇടപെടല്‍.