എടിഎം തട്ടിപ്പിൽ പുതുവഴിതേടി ഹരിയാന സ്വദേശികൾ കേരളത്തിൽ

എടിഎം തട്ടിപ്പിൽ പുതുവഴിതേടി ഹരിയാന സ്വദേശികൾ കേരളത്തിൽ. മോഷ്ടാക്കൾതന്നെ പണം നഷ്ടമായെന്ന് പറഞ്ഞ് ബാങ്കിൽ പരാതി നൽകിയാണ് പണം തട്ടിയെടുക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ വാലി, ജുനൈദ് എന്നിവരെ ഹരിയാനയില്‍ നിന്ന് കണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തു. 

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലുള്ള എസ്ബിഐ എടിഎമ്മിൽനിന്നുള്ള ദൃശ്യങ്ങളാണിത്. കാർഡുടമയ്ക്ക് പണം ലഭിക്കാതെ മടങ്ങുമ്പോൾ പിന്നാലെയെത്തുന്ന തട്ടിപ്പ് സംഘം പണം കൈക്കലാക്കുന്നുവെന്നേ ആരും സംശയിക്കു. എന്നാല്‍ ഇതെല്ലാം തട്ടിപ്പിന്റെ തന്ത്രങ്ങളാണ്. യന്ത്രത്തിന്റെ ഏതെങ്കിലും ബട്ടൺ പ്രവർത്തനരഹിതമാക്കി സംഘം പുറത്തിറങ്ങും. പിന്നാലെയെത്തിയവർ പണം ലഭിക്കാതെ മടങ്ങും. തിരികെയെത്തുന്ന സംഘം തകരാറിലാക്കിയ ബട്ടൺ ശരിയാക്കി കൈയിലുള്ള കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കും. പണം പുറത്തേക്ക് വരുന്ന സമയത്ത് എടിഎം മെഷീന്റെ പവർ ബട്ടൺ ഓഫ് ചെയ്ത് പണം കൈക്കലാക്കും. വീണ്ടും മെഷീൻ ഓൺ ചെയ്യുന്നതോടെ ഇടപാട് പരാജയപ്പെട്ടെന്ന് സന്ദേശവും ലഭിക്കും. തുടർന്ന് പണം നഷ്ടമായെന്നും തിരികെ തരണമെന്നും കാണിച്ച് ബാങ്ക് അധികൃതർക്ക് പരാതി നൽകുകയാണ് പതിവ്. സിസിടിവി പരിശോധിക്കുന്ന ബാങ്ക് അധികൃതർ ഇടപാടുകാർ നിരാശരായി മടങ്ങുന്ന ദൃശ്യങ്ങൾ കാണുന്നതോടെ സാങ്കേതിക പിഴവാണെന്ന് കരുതി പണം മടക്കി നൽകും. കണ്ണൂരിലെ ബാങ്ക് മാനേജർക്ക് സംശയം തോന്നിയതോടെയാണ് തട്ടിപ്പ് സംഘം നൽകിയ പരാതി പൊലീസിന് കൈമാറിയത്. 

വിവിധ സംസ്ഥാനങ്ങളിലും കോഴിക്കോടും കണ്ണൂരിലും ഇതേ മാർഗം ഉപയോഗിച്ച് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. പരാതിക്കാരനെയുള്‍പ്പടെ സംഘത്തിലുള്ള മറ്റ് ഹരിയാന സ്വദേശികളെയും ഇനി പിടികൂടാനുണ്ട്.