നീതു അവര്‍ക്ക് ദത്തുപുത്രിയായിരുന്നില്ല; ചോര ചിന്തിയ ആ 'പ്രണയകഥ' ഇങ്ങനെ

വര്‍ഷങ്ങള്‍ നാല് പിന്നിടുമ്പോഴും കേരളത്തിന്‍റെ കണ്ണീര്‍പൊട്ടായി നീതു കൊലക്കേസ് ബാക്കിയുണ്ട്. നീതുവിനെ ദാരുണമായി കൊല ചെയ്ത പ്രതി ബിനുരാജ് തൂങ്ങിമരിച്ചെന്ന വാര്‍ത്ത പുറത്തുവരുമ്പോഴും നീതുവിനെ ദത്തെടുത്ത് വളര്‍ത്തിയ രക്ഷിതാക്കളുടെ കണ്ണീര്‍ കേരളത്തിന്‍റെ ഓര്‍മകളില്‍ തിരിച്ചെത്തുന്നു. അന്ന് നെഞ്ചുപൊട്ടുന്ന വേദനയില്‍ അവര്‍ പറഞ്ഞതിങ്ങനെ:  'നീതുമോൾ ഞങ്ങൾക്കു മകളായിരുന്നു, ദയവു ചെയ്‌തു ദത്തുപുത്രിയെന്നു പറയല്ലേ...' 

നൊന്തുപെറ്റ പെൺകുഞ്ഞ് വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു മരിച്ചതിന്റെ ആഘാതത്തിൽ നിന്ന് പുഷ്‌പ എന്ന അമ്മ കരകയറിയത് ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു വളർത്താൻ തുടങ്ങിയ ശേഷമാണ്. ലാളിച്ചു കൊതിതീരും മുൻപേ നഷ്‌ടപ്പെട്ട പെൺകുഞ്ഞിന്റെ അതേ പേരിട്ട് സ്വന്തം കുഞ്ഞിനെ പോലെ അവർ വളർത്തിയ ദത്തുപുത്രിയെയാണ് മുൻകാമുകനായ ബിനുരാജ് അന്ന് വെട്ടിക്കൊലപ്പെടുത്തിയത്. 

മാങ്ങ പറിക്കാൻ ശ്രമിക്കുമ്പോഴാണു മതിൽ ഇടിഞ്ഞു വീണ് ഇവരുടെ നാലുവയസുകാരിയായ എലിസബത്ത് എന്ന നീതു മരിച്ചത്. രണ്ട് ആൺകുട്ടികൾക്കു ശേഷമായിരുന്നു ഏറെകൊതിച്ച പെൺകുഞ്ഞു ജനിച്ചത്. ചേട്ടൻമാർക്കൊപ്പം സന്തോഷത്തോടെ വളരുമ്പോഴായിരുന്നു ദുരന്തം. ആ ദുഃഖത്തിൽ നിന്ന് അവരെ കരകയറ്റിയ ദത്തുപുത്രി കൊല്ലപ്പെട്ടതോടെ പുഷ്‌പയും ഭർത്താവ് ബാബുവും തീർത്തും തകർന്നുപോയി. 

നീതു ദത്തുപുത്രിയാണെന്നു സമീപവാസികൾ പോലും അറിയാതിരിക്കാനാണു ഇവർ ചമ്പക്കരയിലെ വീടും സ്‌ഥലവും വിറ്റ് ഉദയംപേരൂർ മീൻകടവിൽ താമസം തുടങ്ങിയത്. മകളെ ദത്തെടുത്തതാണെന്ന വിവരം അടുത്ത ബന്ധുക്കൾക്കു മാത്രം അറിയാവുന്ന രഹസ്യമായിരുന്നു. അയൽവാസിയായ യുവാവുമായുള്ള പ്രണയത്തെ ബാബുവും പുഷ്‌പയും എതിർത്തതോടെ താൻ ദത്തുപുത്രിയാണെന്ന വിവരം പുറത്തു പറഞ്ഞു നീതു തന്നെ അവരെ ഏറെ വേദനിപ്പിച്ചു. 

ദത്തുപുത്രിയെന്ന് നാടറിഞ്ഞു

പ്രണയവും തർക്കവും പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് മാതാപിതാക്കളോടൊപ്പം പോകാതിരിക്കാനായി ദത്തുപുത്രിയാണെന്ന വിവരം വെളിപ്പെടുത്തിയത്. പൊലീസും അയൽക്കാരും അപ്പോൾ മാത്രമാണു വിവരം അറിഞ്ഞത്. പ്രണയത്തിന്റെ താൽക്കാലിക വിജയത്തിനായി സത്യം വെളിപ്പെടുത്തിയ നീതു അവർക്കൊപ്പം മടങ്ങാൻ വിസമ്മതിച്ചു. വിവാഹപ്രായം പൂർത്തിയാവാത്തതിനാൽ കാമുകനെ വിവാഹം കഴിക്കുന്നതു കുറ്റമാണെന്നു പൊലീസ് നീതുവിനെ അറിയിച്ചു. ഇതോടെയാണു വനിതാ ഹോസ്‌റ്റലിൽ താമസിപ്പിക്കാൻ പൊലീസ് നിശ്‌ചയിച്ചത്. പിന്നീട് ചില ബന്ധുവീടുകളിലും താമസിച്ചു. ഇതിനിടെ വീട്ടുകാരുടെ പ്രയാസം തിരിച്ചറിഞ്ഞ നീതു വീട്ടുകാർ പറയുന്ന വിവാഹം മതിയെന്ന തീരുമാനത്തിലെത്തി. മകളെ പിരിഞ്ഞിരിക്കാൻ ബുദ്ധിമുട്ടായിരുന്ന പുഷ്‌പയെയും ബാബുവിനെയും ഏറെ സന്തോഷിപ്പിച്ച് മകൾ വീട്ടിൽ മടങ്ങിയെത്തി. 

പിന്നീട് സംഭവിച്ചത് ഇങ്ങനെ

ബിനുരാജുമായുള്ള ബന്ധം മാതാപിതാക്കൾക്കു വേണ്ടി അവസാനിപ്പിക്കാൻ തയാറായ നീതു ഇക്കാര്യം അയാളെ അറിയിച്ചു. ഇതോടെ ബിനുരാജ് പ്രതികാരദാഹിയായി. ഇന്നലെ അവസരം ഒത്തുവന്നപ്പോൾ കൈവശം കരുതിയ കൊടുവാൾ ഉപയോഗിച്ചു നീതുവിനെ വെട്ടിവീഴ്‌ത്തി. കഴുത്തിനു പിന്നിലേറ്റ മാരകമായ വെട്ടിനെ തുടർന്നു തല കഴുത്തിൽനിന്നു തൂങ്ങികിടക്കുന്ന നിലയിലായിരുന്നു. താഴെ വീണു പിടഞ്ഞ നീതുവിനെ പലതവണ ബിനുരാജ് മുഖത്തും തലയ്‌ക്കും വെട്ടി.   

നീതു പത്താം ക്ലാസിൽ പഠിക്കുമ്പോഴാണു ബിനുരാജുമായി പ്രണയത്തിലായത്. പ്രായപൂർത്തിയാകാത്ത ദത്തുപുത്രി ഇതര മതത്തിൽ പെട്ട ഏറെ മുതിർന്ന ആളെ പ്രണയിക്കുന്നതു വീട്ടുകാർ വിലക്കി. ബിനുരാജും നീതുവും ഒന്നിച്ചു ജീവിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് ഉദയംപേരൂർ സ്‌റ്റേഷനിൽ രണ്ടു പേരെയും വിളിച്ചുവരുത്തി. പ്രണയമാണെന്നും വിവാഹം കഴിക്കാൻ തയാറാണെന്നും ഇവർ പൊലീസിനോടു പറഞ്ഞു. നീതുവിനു 18 വയസ്സ് തികഞ്ഞ ശേഷം വിവാഹം നടത്താമെന്ന ധാരണയിൽ പിരിയുകയായിരുന്നു. 

കൊല നടന്നത് ഇങ്ങനെ

മനംമാറ്റമുണ്ടായ നീതു വീട്ടിൽ തിരികെ വന്നു. ബിനുരാജിനെ കാണുന്നതിനു നീതു വിമുഖത പ്രകടിപ്പിച്ചു. തൃപ്പൂണിത്തുറയിലെ സ്‌കൂളിൽ പ്ലസ് വൺ ക്ലാസിൽ ചേർന്നെങ്കിലും താൽപര്യമില്ലാതെ പഠനം നിർത്തി. സമീപത്തെ ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷൻ കോഴ്‌സ് പഠിക്കുകയായിരുന്നു. ബാബുവും പുഷ്‌പയും അന്ന് ജോലിക്കു പോയ ശേഷം നീതു തനിച്ചായിരുന്നു. കരച്ചിൽ കേട്ട അയൽവാസിയായ യുവാവാണു ബിനുരാജ് നീതുവിനെ വെട്ടി വീഴ്‌ത്തുന്നതു കണ്ടത്. തുടർന്ന് പൊലീസെത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. നീതു മറ്റൊരാളുമായി അടുപ്പം കാണിച്ചതാണു കൊല നടത്താൻ കാരണമെന്നു ബിനുരാജ് പറഞ്ഞതായി പൊലീസ് പിന്നീട് വെളിപ്പെടുത്തി. 

കേസിന്‍റെ വിചാരണ നാളെ തുടങ്ങിനിരിക്കെയാണ് ബിനുരാജ് ഇപ്പോള്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ഉദയംപേരൂരില്‍ 2014 ഡിസംബര്‍ 18നായിരുന്നു കൊലപാതകം.