നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയസംഘം പിടിയിൽ

മഹാരാഷ്ട്ര താനെയിൽ നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയസംഘം പിടിയിൽ. താനെ സിവിൽ ആശുപത്രിയിൽനിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സ്ത്രീയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് മാഫിയയിലേക്ക് ചെന്നെത്തിയത്. സംഘത്തിൽപെട്ട മൂന്നുപേരെ അറസ്റ്റ്ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. താനെ സിവിൽ ആശുപത്രിയുടെ മെറ്റേണിറ്റിവാർഡിൽനിന്ന്, അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിനേയുമെടുത്ത് സ്ത്രീ കടന്നു കളയുകയായിരുന്നു. ആദിവാസി യുവതി കുഞ്ഞിനെ പ്രസവിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം. യുവതിയുടെ അമ്മയ്ക്ക് കുഞ്ഞിനെ കാണണമെന്ന് ആവശ്യപ്പെട്ടാണ് കുട്ടിയെയുംകൊണ്ട് കടന്നുകളഞ്ഞത്. 

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്ത് അന്വേഷണംനടത്തിയ പൊലീസിന് ലഭിച്ചത് നവജാശിശുക്കളുടെ മാഫിയസംഘത്തെക്കുറിച്ചുള്ള വിവരം. കുഞ്ഞുമായി കടന്നുകള‍ഞ്ഞ ഗുഡിയ സോനു, ഇവരുടെ ഭർത്താവ് സോനു രാജ്ബർ, വിജയ് കൈലാസ് എന്നിവര്‍ പിന്നീട് അറസ്റ്റിലായി. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ വീട്ടുകാർക്ക് പൊലീസ് കൈമാറി. തുടർന്ന് ഈസംഘം പലപ്പോഴായി തട്ടിയെടുത്ത അഞ്ച് കുട്ടികളേയും കണ്ടെത്തി. ഇവരുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലണ് പൊലീസ്. അറസ്റ്റിലായർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 363ാം വകുപ്പുപ്രകാരം കേസെടുത്തു.