ഫോയിലിൽ പൊതിഞ്ഞ് കോടികൾ; എയര്‍ ഹോസ്റ്റസ് പണം കടത്തിയത് എട്ടു തവണ

ഫോയിലിൽ പൊതിഞ്ഞ് എയർ ഹോസ്റ്റസ് കോടികളുടെ ഡോളർ കടത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. രണ്ടു മാസത്തിനിടെ എട്ടു തവണകളായി പത്ത് ലക്ഷം ഡോളറിലധികം ഹോങ്കോങിലേക്ക് കടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓരോ തവണയും ഒരു ലക്ഷം രൂപയാണ് ഇതിന് ഇവര്‍ കമ്മീഷന്‍ കൈപ്പറ്റിയിരുന്നു.

അന്വേഷണത്തിൽ യുവതി അമിത് മൽഹോത്രയെന്നയാളുടെ ഏജന്റാണെന്ന് കണ്ടെത്തിയിരുന്നു, വിമാന ജോലിക്കാരെ ഉപയോഗിച്ചു കള്ളക്കടത്തു നടത്തുന്നതാണ് മൽഹോത്രയുടെ രീതി. സ്വർണക്കച്ചടവക്കാരിൽനിന്നു പണം വാങ്ങി അത് എയർഹോസ്റ്റസുമാരുടെ കൈവശം ആവശ്യമായ സ്ഥലങ്ങളിലേക്കു കൊടുത്തുവിടുകയാണ് പതിവ്. വിദേശത്തുനിന്നു സ്വർണം കടത്തുന്നതിനാണ് ഈ പണം ഉപയോഗിക്കുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

 3.25 കോടി മൂല്യം വരുന്ന യു.എസ് ഡോളര്‍ ദേവശി കുല്‍ശ്രശ്ത എന്ന ജീവനക്കാരിയെ കഴിഞ്ഞ ദിവസമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റു ചെയ്തത്. ഹോങ്കോങ്ങിലേക്കുള്ള യാത്രയ്ക്കിടെയാണ് അറസ്റ്റ്. ഏകദേശം 3.21 കോടി രൂപ (4,80,200 ഡോളർ)യാണു കടത്താൻ ശ്രമിച്ചത്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം. എയര്‍ ഹോസ്റ്റസിനൊപ്പം ഒരു ഇടനിലക്കാരനും അറസ്റ്റിലായിരുന്നു. 

ആറുമാസം മുൻപ് ഇന്ത്യയിലേക്കു നടത്തിയ യാത്രയിലാണു മൽഹോത്ര ജീവനക്കാരുമായി സുഹൃദ്ബന്ധം സ്ഥാപിച്ചതെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ നിന്ന് പറന്നുയരുന്നതിന് തൊട്ടുമുൻപ് ജെറ്റ് എയര്‍ വെയ്സ് വിമാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഷൂസുകള്‍ക്കും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കും ഇടയിലായി എയര്‍ ഹോസ്റ്റസിന്റെ സ്യൂട്ട്കെയ്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം.