സ്ക്രീനിന് പുറത്തും ക്രൈം; ഭാര്യയെ കൊന്ന ക്രൈം ഷോ അണിയറക്കാരന് ജീവപര്യന്തം

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ടെലിവിഷന്‍ പരമ്പര നിര്‍മാതാവ് സുഹൈബ് ഇല്യാസിക്ക് ജീവപര്യന്തം ശിക്ഷ. 'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്' എന്ന  ക്രൈം ഷോയിലൂടെ ശ്രദ്ധ നേടിയയാളാണു സുഹൈബ് ഇല്യാസി. 2000 ജനുവരി 11നാണ് സുഹൈബിന്റെ ഭാര്യ അഞ്ജു കൊലപ്പെടുന്നത്. ഇല്യാസിയുടെ കുത്തേറ്റതിനെ തുടർന്ന് അഞ്ജു തനിയെ ഈസ്റ്റ് ഡൽഹിയിലെ വസതിയിൽ നിന്നും ആശുപത്രിയിൽ എത്തുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. 

വഴക്കിട്ടതിനെത്തുടർന്ന് അഞ്ജു ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് ഇല്യാസി പൊലീസിനെ വിവരമറിയിച്ചത്. എന്നാൽ അന്വേഷണത്തെതുടർന്ന് ഇല്യാസി ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നും കണ്ടെത്തി. 

2000 മാർച്ചില്‍  ഇല്യാസിയെ സ്ത്രീധനനിരോധന നിയമം സെക്ഷൻ 304 (ബി) ചുമത്തി പൊലീസ് അറസ്റ്റുചെയ്തു. ഡൽഹി കോടതി സ്ത്രീധനനിരോധനനിയമവും അതോടൊപ്പം ഭാര്യയെ കൊലപ്പെടുത്തിയതിന്  ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. രണ്ടുലക്ഷം രൂപ പിഴ കെട്ടിവെക്കുന്നതോടൊപ്പം അഞ്ജുവിന്റെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ നൽകാനും കോടതി വിധിച്ചു.