തിരൂർ ബിപിൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരൂർ ബിപിൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത ഇരുപതാം പ്രതി ചങ്ങരം കുളം സ്വദേശി ഇല്യാസ് ആണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്. 

തിരൂർ പുളിഞ്ചോട്ടിൽ വച്ച് ബിപിനെ വെട്ടി കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഘത്തിൽ ഉൾപ്പെട്ട ആളാണ് ഇല്യാസ് സംഭവത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു. മൈസൂരിലായിരുന്നു ഇതുവരെ താമസിച്ചിരുന്നത്.കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോൾ കൊണ്ടോട്ടിയിൽ നിന്നാണ് അറസ്റ്റു ചെയ്തത്. 

ബിപിൻ വധത്തിൽ നേരിട്ടു പങ്കെടുത്ത ആറു പേരിൽ 4 പേരാണ് ഇതുവരെ പിടിയിലായത്. രണ്ടു പേർക്കായി അന്വേഷണം പൊലിസ് ഊർജിതമാക്കിയിട്ടുണ്ട്. കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതികാരമായാണ് RSS പ്രവർത്തകനും ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയുമായ ബിപിനെ വധിച്ചത്.തിരൂർ പുളിച്ചോട്ടിലെ റോഡരികിൽ വച്ച് ഇക്കഴിഞ്ഞ ജൂലൈ 24 നാണ് 3 ബൈക്കുകളിലായി എത്തിയ സംഘം ബിപിനെ വെട്ടി കൊലപ്പെടുത്തിയത്. ഇതു വരെ കേസിൽ 13 പ്രതികൾ പിടിയിലായിട്ടുണ്ട്.