ആശുപത്രി കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന സ്ത്രീകള്‍ അറസ്റ്റിലായി

ആലപ്പുഴ ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നുസ്ത്രീകള്‍ അറസ്റ്റിലായി. തമിഴ്നാട്ടുകാരായ നാടോടികളെയാണ് മാലമോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ കയ്യോടെ പിടികൂടിയത്. മുന്‍പും നിരവധി മോഷണങ്ങള്‍ നടത്തിയവരാണ് മൂവരുമെന്ന് പൊലീസ് അന്വേഷമത്തില്‍ വ്യക്തമായി 

മണ്ണഞ്ചേരി സ്വദേശിനിയായ പൊന്നമ്മയുടെ മാല മോഷ്ടിച്ച് ഒാടി രക്ഷപ്പെടുന്നതിനിടെയാണ് നാടോടികളായ സ്ത്രീകള്‍ പിടിയിലായത്. തെങ്കാശി സ്വദേശികളായ സെല്‍വി, വോളാങ്കണ്ണി, മുത്തുമാരി എന്നിവരെ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന വനിതാപൊലീസും രോഗികളും ചേര്‍ന്നാണ് ഒാടിച്ചിട്ട് പിടിച്ചത്. ഭര്‍ത്താവിന്റെ ചികില്‍സയ്ക്കായിഎത്തിയ പൊന്നമ്മയുടെ ചുറ്റിലും സ്നേഹം നടിച്ച് കൂടിയ സംഘം സൂത്രത്തില്‍ മാല മോഷ്ടിക്കുകയായിരുന്നു. കൊളുത്ത് അഴിച്ചാണ് മാല കവർന്നത്. മാല നഷ്ടമായതറിഞ്ഞ പൊന്നമ്മ ബഹളം വച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ രേഖമ്മ സെല്‍വിക്ക് പിന്നാലെ ഓടി. നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ഒളിച്ച പ്രതിയെ പിടികൂടി. എയ്ഡ് പോസ്റ്റിലെത്തിച്ചപ്പോൾ മറ്റു രണ്ടു പ്രതികള്‍ പൊലീസിനെ സമീപിച്ച്, സെല്‍വി നിരപരാധിയാണെന്നു പറഞ്ഞു. ഇതോടെ മൂവരും ഒരേ സംഘത്തില്‍പെട്ടവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മോഷണം കഴിഞ്ഞു മാറുന്നതിനുള്ള വസ്ത്രങ്ങൾ മൂവരും കൈവശം സൂക്ഷിച്ചിരുന്നു. മാവേലിക്കരയില്‍ താമസമാക്കിയ സംഘം ആലപ്പുഴ ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് നേരത്തെയും മോഷണം നടത്തിയാതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.