കരിപ്പൂരിൽ വീണ്ടും സ്വര്‍ണ വേട്ട: 27 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 27 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്‍റ്റലിജന്‍സ് വിഭാഗം പിടികൂടി.ദുബൈയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ വടകര സ്വദേശി സുബൈര്‍ ആണ് പിടിയിലായത്. 

  

രാവിലെ 10.30 ന് ഇന്‍ഡിയോ വിമാനത്തിലാണ് സുബൈര്‍ എത്തിയത്. ദുബൈല്‍ നിന്നാണ് സ്വര്‍ണം എത്തിച്ചത്.സംശയം തോന്നിയ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം പരിശോധന നടത്തുകയായിരുന്നു.സുബൈറിന്റെ കൈവശമുണ്ടായിരുന്ന ഫയലാണ് ആദ്യം ശ്രദ്ധയില്‍പെട്ടത്.കൂടുതല്‍ പരിശോധിച്ചപ്പോള്‍ ഫയലിനുള്‍വശം കട്ടികുറഞ്ഞ രീതിയില്‍ സ്വര്‍ണം കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു.പിന്നീട് വിശദമായി പരിശോധന നടത്തിയപ്പോഴാണ് ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.ഇത് ചെയിന്‍ രൂപത്തിലായിരുന്നു.ദുബൈയില്‍ നിന്ന് സ്വര്‍ണം ഏല്‍പ്പിച്ച ആള്‍ തന്റെ ഫോട്ടോ സ്വര്‍ണം കൈമാറേണ്ട ആള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അതനുസരിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയാല്‍ അയാള്‍ തന്നെ സമീപിക്കുമെന്നുമായിരുന്നു സുബൈറിന് കിട്ടിയിരുന്ന നിര്‍ദേശം.ഇന്‍റലിജന്‍സ് അസിസ്റ്റന്റ് കമ്മിഷണര്‍ രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ.പി.ജോയ് തോമസ്, സൂപ്രണ്ടുമാരായ പി.കെ.ഷാനവാസ്,വി.മുരളീധരന്‍ ,കെ.സുബ്രഹ്മണ്യന്‍, എസ്.വി മുഹമ്മദ് അഷറഫ് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.