പാലക്കാട്ട് വന്‍ സ്വര്‍ണവേട്ട; നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ചത് പതിനൊന്നു കിലോ സ്വര്‍ണം

പാലക്കാട്ട് വന്‍ സ്വര്‍ണവേട്ട. നികുതിവെട്ടിച്ച് രേഖകളില്ലാതെ കടത്തിയ പതിനൊന്നു കിലോ സ്വര്‍ണം വാളയാറില്‍ എക്സൈസ് പിടികൂടി. അഞ്ചുകോടിയിലധികം വില വരുന്ന സ്വര്‍ണവുമായെത്തിയ രാജസ്ഥാന്‍ സ്വദേശിയെ കസ്റ്റഡ‍ിയിലെടുത്തു. 

വാളയാര്‍ ടോള്‍ പ്ളാസയില്‍ എക്സൈസിന്റെ വാഹനപരിശോധനക്കിടെയാണ് സ്വര്‍ണം പിടികൂടിയത്. ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസി ബസ് പരിശോധിച്ചപ്പോള്‍ യാത്രക്കാരനായ രാജസ്ഥാന്‍ നാഗൂര്‍ സ്വദേശി മഹേന്ദ്രകുമാറിന്റെ ബാഗിലായിരുന്നു സ്വര്‍ണം. പ്രത്യേക ബാഗില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്നത് പതിനൊന്നുകിലോ സ്വര്‍ണമായിരുന്നു. കൃത്യമായ രേഖകളില്ലാതെ , നികുതി അടയ്ക്കാതെ കേരളത്തിലേക്ക് കടത്തുകയായിരുന്നു. മൂന്ന് വലിയ സ്വര്‍ണബിസ്ക്കറ്റുകളും 78 ചെറിയ സ്വര്‍ണബിസ്ക്കറ്റുകളും രണ്ട്  പായ്്ക്കറ്റ് സ്വര്‍ണാഭരണങ്ങളുമാണ് ഉണ്ടായിരുന്നത്. 

എറണാകുളത്തേക്കാണ് സ്വര്‍ണം കടത്താനിരുന്നതെന്ന് കസ്റ്റഡിയിലായ മഹേന്ദ്രകുമാര്‍ പറഞ്ഞു. തുടരന്വേഷണത്തിനും നികുതി ഇൗടാക്കുന്നതിനും കേസ് സംസ്ഥാന നികുതി വിഭാഗത്തിന് കൈമാറി.