വിമാനത്തിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം; പരിശോധനകള്‍ ശക്തമാക്കി

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ വിമാനത്തിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 90  ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ നിന്നാണ് സ്വര്‍ണ ബിസ്ക്കറ്റുകള്‍ പിടികൂടിയത്.

വെളുപ്പിന് 3.45ന് അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ ഉപേക്ഷിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. യാത്രക്കാര്‍ ഇറങ്ങിയ ശേഷം വിമാനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ സീറ്റില്‍ ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്ഷച്ച നിലയിലായിരുന്നു ഇരുപത് സ്വര്‍ണ ബിസ്ക്കറ്റുകള്‍. ബാഗിനുള്ളില്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന സ്വര്‍ണത്തിന് 2.33 കിലോഗ്രാം ഭാരം കണക്കാക്കുന്നു. സുരക്ഷാ ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ്  കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തി സ്വര്‍ണം കസ്റ്റഡിയിലെടുത്തതെന്ന് സൂപ്രണ്ട് കെ.സുകുമാരന്‍ പറഞ്ഞു. സമീപകലാത്ത് കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിച്ചിട്ടുണ്ടെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കാനാണ് എയര്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ. വികാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ തീരുമാനം.