ഹഷീഷ് ഓയില്‍ വില്‍ക്കുന്ന സംഘത്തിലെ രണ്ടു യുവാക്കള്‍ പിടിയിൽ

വാട്സ്്ആപ്പ് വഴി ഹഷീഷ് ഓയില്‍ വില്‍ക്കുന്ന സംഘത്തിലെ രണ്ടു യുവാക്കള്‍ തൃശൂരില്‍ എക്സൈസിന്റെ വലയില്‍ കുടുങ്ങി. അരക്കിലോ ഹഷിഷ് ഓയില്‍ കണ്ടെടുത്തു. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്ലീപ്പിങ് ഗം എന്ന പേരില്‍ അറിയപ്പെടുന്ന ലഹരിമരുന്നാണിത്. 

ഹാഷ് ടാഗ് എന്ന പേരില്‍ വാട്സ്്ആപ്പ് ഗ്രൂപ്പ് രൂപികരിച്ചാണ് ഹഷിഷ് ഓയിലിന്റെ വില്‍പന. വിശ്വാസമുള്ളവരെ മാത്രം ഗ്രൂപ്പില്‍ അംഗങ്ങളാക്കും. പിന്നെ, ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കും. ചാവക്കാട് പെരുവല്ലൂര്‍ സ്വദേശിയെ പതിമൂന്നു ഗ്രാം ഹഷിഷ് ഓയിലുമായി ആദ്യം എക്സൈസ് പിടികൂടി. ഇതിന്റെ ഉറവിടെ എവിടെയാണെന്ന് തിരഞ്ഞപ്പോള്‍ മലപ്പുറം സ്വദേശികളായ രണ്ടു പേരാണെന്ന് മനസിലായി. അങ്ങനെ, ആവശ്യക്കാര്‍ ചമഞ്ഞ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടു. കീശ നിറയെ കാശു കിട്ടുമെന്നായപ്പോള്‍ ഇടനിലക്കാര്‍ പാഞ്ഞെത്തി. മലപ്പുറം സ്വദേശഇ ജാബിറും നൗഷാദുമാണ് അറസ്റ്റിലായ ഇടനിലക്കാര്‍. 

ഹഷിഷ് ഓയില്‍ ഒരു തുള്ളി സിഗരറ്റില്‍ പുരട്ടി വലിക്കാന്‍ കൊടുത്താണ് വിദ്യാര്‍ഥികളെ വലവീശി പിടിക്കുന്നത്. ഒരു സിഗരറ്റ് വലിച്ചാല്‍ നാലു മണിക്കൂര്‍ വരെ ലഹരികിട്ടും. കഞ്ചാവ് വലിച്ചതിന്റെ മണവും ഉണ്ടാകില്ല. ഇങ്ങനെ, സ്ഥിരമായി ഇവ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് ഇത്തരം ലഹരികളുടെ വരവെന്ന് എക്സൈസ് കണ്ടെത്തി.