മോഷണം ലഹരിയാക്കി, അവസാനം പിടിയിലായി

മോഷണം ലഹരിയാക്കിയ യുവാവ് ആലപ്പുഴ മാവേലിക്കരയില്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി നിരവധി മോഷണക്കേസുകളിലെ പ്രതിയായ റാന്നി സ്വദേശിയാണ് പൊലീസിന്‍റെ പിടിയിലായത്. മോഷ്ടിച്ച ബൈക്കും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തു. 

ആലപ്പുഴ പൊലീസ് ജില്ലാ അതിര്‍ത്തികളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് റാന്നി സ്വദേശി ബിനു തോമസ് പടിയിലായത്. ഈ മാസം പതിനൊന്നാം തീയതി കല്ലുമല സ്വദേശിയുടെ ബൈക്ക് ബിനു മോഷ്ടിച്ചിരുന്നു. ഈ ബൈക്കുമായി മാവേലിക്കരയില്‍ എത്തിയപ്പോഴാണ് പൊലീസിന്‍റെ പിടിയിലായത്. നിലവില്‍ റാന്നി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബൈക്ക് മോഷണത്തിന് പുറമേ, ശൂരനാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ആറരപവന്‍റെ മാല മോഷ്ടിച്ച കേസിലും ബിനു ഒളിവിലായിരുന്നു. 

സമാനരീതിയിലുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. പതിനാറാം വയസുമുതല്‍ മോഷണം തുടങ്ങിയ വ്യക്തിയാണ് ബിനു. മാവേലിക്കരയില്‍ മൂന്നുദിവസത്തിനിടെ രണ്ടാംതവണയാണ് വാഹനമോഷ്ടാവ് പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം മോഷ്ടിച്ച വാഹനം കടത്താന്‍ ശ്രമിക്കുന്നതിനിടെ പള്ളിപ്പാട് സ്വദേശി അയ്യപ്പന്‍ പൊലീസിന്‍റെ പിടിയിലായിരുന്നു.