സ്വന്തം വോട്ട് മാറ്റാരോ കള്ളവോട്ട് ചെയ്​തു; പൊട്ടിക്കരഞ്ഞ് വയോധിക

പത്തനംതിട്ടയില്‍ വോട്ടിനായി പ്രതിഷേധിച്ച് വയോധിക . തന്റെ വോട്ട് മറ്റാരോ കള്ളവോട്ട് ചെയ്തതോടെ  ടെൻഡർ വോട്ടിനായി കടയ്ക്കാട് സ്വദേശിനി റൂബിക്ക് കാത്തിരിക്കേണ്ടി വന്നത് അഞ്ചര മണിക്കൂറാണ്. രാത്രിയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് പോളിങ് ബൂത്ത് വിട്ട റൂബിയെ നാട്ടുകാരും ബന്ധുക്കളും നിർബന്ധിച്ചാണ് ഒടുവിൽ വോട്ട് ചെയ്യിച്ചത്. 

കടയ്ക്കാട് സ്വദേശിനി റുബി ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കടക്കാട് എൽപി സ്കൂളിലെ നമ്പർ 31 ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയത്. അവിടെ എത്തിയപ്പോഴാണ് വോട്ട് മറ്റാരോ ചെയ്തെന്നറിഞ്ഞത്. താൻ വോട്ട് ചെയ്തില്ല എന്നു പറഞ്ഞിട്ടും പോളിങ് ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. എല്ലാം കഴിഞ്ഞു നോക്കാം എന്ന് പറഞ്ഞതോടെയാണ് അഞ്ചര മണിക്കൂർ അവിടെത്തന്നെ കാത്തിരുന്നത്. അകത്തു കയറിയെങ്കിലും തർക്കം ആയതോടെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് റൂബി പുറത്തേക്ക് വന്നത്.

ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്ത കുറവുകൊണ്ടാണ് ഇത്രയും മണിക്കൂർ കാത്തുനിന്നതെങ്കിലും, അവരെ കുഴപ്പത്തിൽ ആക്കണ്ട എന്ന് കരുതിയാണ് വീണ്ടും തിരിച്ചെത്തി വോട്ട് ചെയ്തത്. പത്തനംതിട്ടയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത എട്ടാമത്തെ കള്ളവോട്ട് ആയിരുന്നു ഇത്. മറ്റ് ഏഴിടത്തും ഉടൻ ടെൻഡർ വോട്ട് അനുവദിച്ചിരുന്നു. ഇവിടെ മാത്രമാണ് അഞ്ചുമണിക്കൂറിലധികം പ്രായമായ സ്ത്രീയോട് കാത്തിരിക്കാൻ പറഞ്ഞത്. 

Elderly woman protested for vote

Enter AMP Embedded Script