മരിച്ചയാളുടെ പേരിൽ മരുമകൾ വോട്ട് ചെയ്‌തു; 3 പേര്‍ക്ക് സസ്പെന്‍ഷന്‍

പത്തനംതിട്ടയിൽ കള്ളവോട്ട് നടന്നുവെന്ന എൽഡിഎഫിന്റെ പരാതിയില്‍ നടപടി. രണ്ട് പോളിങ് ഒാഫിസര്‍മാരെയും ബിഎല്‍ഒയെയും സസ്പെന്‍ഡ് ചെയ്തു. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കും. ആറുവര്‍ഷം മുന്‍പ്  മരിച്ചയാളുടെ വോട്ട് മരുമകള്‍ രേഖപ്പെടുത്തിയെന്നാണ് പരാതി. കിടപ്പു രോഗിയായ മരുമകളുടെ പേരും മരിച്ച ആളുടെ പേരും മാറിപ്പോയെന്നാണ്   മറുഭാഗത്തിന്റെ വിശദീകരണം.

കിടപ്പ് രോഗിയായ അന്നമ്മ എന്ന മരുമകളുടെ പേരിലാണ് വീട്ട് വോട്ടിന് അപേക്ഷ നൽകിയത്. വീട്ടിലെത്തിയപ്പോൾ പേരുകൾ തമ്മിൽ മാറിപ്പോയി എന്നാണ് വീട്ടുകാരും പറയുന്നത്. കള്ളവോട്ട് നടന്നു എന്ന് ആരോപിക്കപ്പെടുന്ന വീട്ടിലെ ആൾക്കാരും ഇതുതന്നെയാണ് വിശദീകരിക്കുന്നത്. കിടപ്പ് രോഗിയായ അന്നമ്മയുടെ വോട്ട് മാറിപ്പോയതാണെന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും വീട്ടുകാരും പറയുന്നു. പഞ്ചായത്ത് അംഗം ഒപ്പുമില്ലായിരുന്നുവെന്ന് വോട്ട് ചെയ്ത അന്നമ്മയും ഭർത്താവ് മാത്യുവും പറഞ്ഞു.

വോട്ട് ചെയ്ത കുടുംബം കോൺഗ്രസ് അനുഭാവികളാണ്. യുഡിഎഫിനെ അപമാനിക്കാനുള്ള ശ്രമമെന്നാണ് പ്രാദേശിക നേതാക്കളുടെയും പഞ്ചായത്ത് അംഗത്തിന്റെയും വാദം.

Fake vote complaint in Pathanamthitta