'പോസ്റ്ററുകള്‍ വ്യാജം, നീക്കത്തിന് പിന്നില്‍ രാഷ്​ട്രീയ എതിരാളികള്‍'

കേരളത്തിലെ ജെഡിഎസ് നേതാക്കളുടെ ഫോട്ടോകൾ ഉൾപ്പെടുത്തി പ്രചരിച്ച കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകൾ വ്യാജമെന്ന് ജെഡിഎസ് നേതാക്കൾ. പോസ്റ്ററിന് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്ന് സംസ്ഥാന അധ്യക്ഷൻ മാത്യു ടി. തോമസ് പറഞ്ഞു. വ്യാജ പോസ്റ്റർ ഇറക്കിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ജെഡിഎസ്. 

ബെംഗളൂരു റൂറലിലെ ബിജെപി സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ മരുമകനുമായ ഡോക്ടര്‍ സി.എന്‍ മഞ്ജുനാഥിന്റെ സ്വീകരണ പോസ്റ്ററിലാണ് പ്രധാനമന്ത്രിക്കും ജെഡിഎസ് ദേശീയ പ്രസിഡന്റിനുമൊപ്പം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടേയും മാത്യു ടി.തോമസിന്റെയും ഫോട്ടോകള്‍ ഇടം പിടിച്ചത്. കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ജെഡിഎസ് നേതാക്കളുടെ ചിത്രങ്ങൾ എൻഡിഎയുടെ പോസ്റ്ററിൽ വന്നതോടെ വിവാദങ്ങൾ തലപൊക്കി. പോസ്റ്റർ വ്യാജമാണെന്നും എൻഡിഎയുമായുള്ള ബന്ധം പണ്ടേ ഉപേക്ഷിച്ചതാണെന്നും മന്ത്രി കെ. കൃഷ്ണൻ കുട്ടി പ്രതികരിച്ചു.

മന്ത്രിയുടെയും തന്റെയും ചിത്രങ്ങൾ വച്ച് പോസ്റ്റർ അടിച്ചാൽ കർണാടകയിൽ വോട്ട് കിട്ടുമെന്ന് കരുതുന്നില്ലെന്നും കേരളത്തിലെ ജനതാദൾ (എസ്) ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കുമെന്നും മാത്യു ടി തോമസ്. പോസ്റ്റര്‍ യഥാര്‍ഥമാണന്നും എന്നാല്‍ ബിജെപി, ജെഡിഎസ് പാര്‍ട്ടികള്‍ ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്നുമാണ് കർണാടകയിലെ ബിജെപിയുടെ വിശദീകരണം. ദേശീയ നേത്യത്വത്തിന്റെ എൻഡിഎ ബന്ധത്തിനെതിരെ സംസ്ഥാന ജെഡിഎസ് രാഷ്ട്രീയ പ്രതിരോധം തീർക്കുന്നതിനിടെയുണ്ടായ വിവാദ പോസ്റ്റർ എൽഡിഎഫിനേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 

Photos of JDS leaders in Kerala on BJP poster

Enter AMP Embedded Script