വിദ്യാർഥിനികൾക്ക് നേരേ ലൈംഗികാതിക്രമം; ടി. ശശിധരനായി തിരച്ചിൽ ഊർജിതം

ഗവേഷക വിദ്യാർഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ മുൻ അധ്യാപകൻ ഡോ. ടി. ശശിധരന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.  സൈക്കോളജി വിഭാഗത്തിൽ അധ്യാപകനായിരുന്ന ശശിധരനെതിരെ വിദ്യാർഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് തേഞ്ഞിപ്പലം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

ആറുവർഷം മുന്‍പ് സർവീസിൽനിന്ന് സ്വയം വിരമിച്ച അധ്യാപകൻ സർവകലാശാല ക്യാംപസിന് സമീപത്തെ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഗവേഷണപ്രവർത്തനങ്ങളുടെ ഭാഗമായി സഹായം നൽകാമെന്ന് പറഞ്ഞാണ് വിദ്യാർഥിനികളെ വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ ഗവേഷക വിദ്യാർഥിനിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു. തൊട്ടടുത്ത ദിവസം വീട്ടിലെത്തിയ രണ്ടാമത്തെ വിദ്യാർഥിനിയോടും അപമര്യാദയായി പെരുമാറി. സംഭവസമയത്ത് ശശീധരന്‍  മദ്യലഹരിയിലായിരുന്നുവെന്നും വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനികളുടെ പരാതിയിൽ പറയുന്നു. അടുത്ത ദിവസം ഭർത്താവിനെയും പഠനവകുപ്പിലെ അധ്യാപികയെയും വിദ്യാർഥിനി വിവരമറിയിച്ചു. തുടർന്ന് വകുപ്പ് മേധാവി മുഖേന റജിസ്ട്രാർക്കും പൊലീസിലും പരാതി നൽകി. സംഭവം പുറത്ത് പറയാതിരുന്ന വിദ്യാർഥിനിയും പിന്നാലെ പരാതിയുമായെത്തി. പരാതിക്ക് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ ശശിധരനായുള്ള അന്വേഷണം തുടരുകയാണ്. സർവകലാശാല ക്യാംപസിന് സമീപത്തെ മുന്‍ അധ്യാപകന്‍റെ വീട് പൂട്ടിയിട്ടനിലയിലാണ്.

Enter AMP Embedded Script