113 ദിവസത്തിന് ശേഷ വിഴിഞ്ഞം പദ്ധതി പ്രദേശത്ത് നിര്‍മാണ സാമഗ്രികള്‍ എത്തി

113 ദിവസത്തിനുശേഷം വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് നിര്‍മാണസാമഗ്രികളെത്തിച്ചു. 40 ലോഡ് പാറയാണ് ഇന്ന് പദ്ധതിപ്രദേശത്തേക്ക് എത്തിച്ചത്. തുറമുഖ നിര്‍മാണത്തിന്‍റെ തുടര്‍ന്നുള്ള സമയക്രമം നിശ്ചയിക്കാന്‍ തിങ്കളാഴ്ച സര്‍ക്കാര്‍–അദാനി ഗ്രൂപ്പ് അവലോകന യോഗം ചേരും.

തുടക്കത്തില്‍ 20 ലോഡ് പാറയാണ് പദ്ധതി പ്രദേശത്തേക്ക് എത്തിച്ചത്. പിന്നാലെ 20 ലോഡ് കൂടിയെത്തി. തമിഴ്നാട്ടില്‍ നിന്ന് നാളെമുതല്‍ ലോഡുകളെത്തും. മുതലപ്പൊഴിയില്‍ നിന്ന് കടല്‍മാര്‍ഗം പാറയെത്തിക്കാന്‍ രണ്ടുദിവസം കൂടി താമസമുണ്ടാകും. പാറ എത്തിത്തുടങ്ങിയെങ്കിലും ഇന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കില്ല. പദ്ധതി പ്രദേശത്തെ അടിയന്തരമായി തീര്‍ക്കേണ്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ തുറമുഖ നിര്‍മാണം പുനരാരംഭിക്കൂ. തുടര്‍ന്ന് രാപ്പകലില്ലാതെ തുറമുഖം നിര്‍മിച്ച് ഓണത്തിന് കപ്പലടുപ്പിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇതിന് കൂടുതല്‍ പാറമടകള്‍ അനുവദിക്കണമെന്ന് അദാനിഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ രണ്ട് ക്വാറികളില്‍ നിന്നാണ് പാറയെത്തുന്നത്. സമരം മൂലം നിര്‍മാണം മുടങ്ങിയകാലത്തെ നഷ്ടപരിഹാരം സംബന്ധിച്ചും ധാരണയിലെത്തണം. ഇക്കാര്യങ്ങളെല്ലാം തിങ്കളാഴ്ച ചേരുന്ന അവലോകനയോഗത്തില്‍ ചര്‍ച്ചയാകും. ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് അടുത്ത നവംബറില്‍ അഹമ്മദ് ദേവര്‍കോവിലിന് മന്ത്രിസ്ഥാനമൊഴിയേണ്ടിവരും. അതിന് മുമ്പ് തുറമുഖം ഉദ്ഘാടനം ചെയ്യണമെന്നാണ് മന്ത്രിയുടെ ആഗ്രഹം. 

Enter AMP Embedded Script