'സുരക്ഷാ നടപടികള്‍ നടപ്പാക്കണം; ഇല്ലെങ്കില്‍ റോഡില്‍ ഇറങ്ങി വാഹനങ്ങള്‍ തടയും'

വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചുവീണ് മരിച്ച അനന്തുവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതില്‍ തീരുമാനമായില്ല. കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത പരിശോധിച്ചായിരിക്കും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. അതേസമയം തുറമുഖത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ നടപടികള്‍  നടപ്പാക്കിയില്ലെങ്കില്‍ അനന്തുവിന്‍റെ അമ്മ തന്നെ റോഡിലിറങ്ങി വാഹനങ്ങള്‍ തടയുമെന്ന് അഛന്‍ ബി അജികുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു. 

വിഴിഞ്ഞം തുറമുഖത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലിക്കേണ്ട സുരക്ഷാ നടപടികള്‍ ഇന്നലെ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ്, പൊലീസ്–മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കും, നിരീക്ഷണ ക്യാമറ, വാഹനങ്ങള്‍ക്ക് പ്രത്യേക റൂട്ട് തുടങ്ങിയവയാണ് പ്രഖ്യാപനങ്ങള്‍. ഇവ പൂര്‍ണമായും നടപ്പാക്കുമെന്നാണ് വിശ്വാസമെന്നും ഇല്ലെങ്കില്‍ അനന്തുവിന്‍റെ അമ്മ തന്നെ റോഡിലിറങ്ങി വാഹനങ്ങള്‍ തടയുമെന്നും അഛന്‍ അജി കുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു. 

സുരക്ഷ നടപടികള്‍ നടപ്പിലായിത്തുടങ്ങാന്‍ കുറച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. അതുവരെ വിഴിഞ്ഞത്തേക്ക് ലോഡുകളുമായി വാഹനങ്ങള്‍ വരില്ല. അനന്തുവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാതെ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്. 

നഷ്ടപരിഹാരം തീരുമാനിക്കാന്‍ അനന്തുവിന്‍റെ കുടുംബാഗംങ്ങളുമായി സബ് കലക്ടര്‍ ചര്‍ച്ച നടത്തി. കുടുംബത്തിന്‍റെ സാമ്പത്തിക ബാധ്യത കൂടി പരിഗണിച്ച് ഉടന്‍ തുക പ്രഖ്യാപിക്കും. ഇതില്‍ ഒരു പങ്ക് അദാനി കമ്പനി നല്‍കും. 

No decision has been made to pay compensation to the family of ananthu

Enter AMP Embedded Script