കരിങ്കല്ല് തെറിച്ചു വീണ് വിദ്യാർഥി മരിച്ച സംഭവം; കളക്ടർ വിളിച്ച യോഗം അലസിപ്പിരിഞ്ഞു

വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് വിദ്യാർഥി മരിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കളക്ടർ വിളിച്ച യോഗം അലസിപ്പിരിഞ്ഞു. മരിച്ച അനന്തുവിൻറെ കുടുംബത്തിന് നൽകേണ്ട നഷ്ടപരിഹാരത്തിൽ തീരുമാനമാകാതെ തുറമുഖത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ലെന്ന് പ്രഖ്യാപിച്ച്  ചർച്ചയിൽ നിന്ന് കോൺഗ്രസ് പ്രതിനിധികൾ ഇറങ്ങിപ്പോയി. നഷ്ടപരിഹാരം കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.   തുറമുഖത്തേക്ക് ലോഡുമായി വരുന്ന വാഹനങ്ങൾക്കുള്ള സുരക്ഷാ മാർഗരേഖ രണ്ടുദിവസത്തിനകം പുറത്തിറക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു.

ചർച്ച തീരും മുമ്പേ പുറത്തിറങ്ങി കോൺഗ്രസ് പ്രതിനിധികൾ നിലപാട് വ്യക്തമാക്കി. അനന്തുവിൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചുള്ള തീരുമാനം ചർച്ചയിൽ ഉണ്ടായില്ല. ഇതായിരുന്നു പ്രകോപനം. നഷ്ടപരിഹാരം നൽകാതെ തുറമുഖത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടില്ലെന്നും പ്രതിഷേധം തുടരുമെന്നും കോൺഗ്രസ്. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടതായി എം വിൻസെന്‍റ് എംഎൽഎയും അറിയിച്ചു. 

സർക്കാരിന്‍റെ നഷ്ടപരിഹാരം കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദാനിയുടെ നഷ്ടപരിഹാരം അവരുടെ പ്രതിനിധികൾ കുടുംബാംഗങ്ങളെ അറിയിക്കുമെന്നും ചർച്ചയിലുണ്ടായ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് ജില്ലാ കലക്ടർ. 

തുറമുഖത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് പുതിയ റൂട്ട് കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ നടപ്പിലായിത്തുടങ്ങിയ ശേഷമേ തുറമുഖത്തേക്ക് ലോഡുകൾ വരുന്നത് പുനരാരംഭിക്കൂ എന്ന് ജില്ലാ കലക്ടറും പറഞ്ഞു.  മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എം വിൻസൻറ് എംഎൽഎ, വിവിധ രാഷ്ട്രീയപ്രതിനിധികൾ, അദാനി ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Enter AMP Embedded Script