വിഴിഞ്ഞത്ത് വേണം റയില്‍, റോഡ് കണക്ടിവിറ്റി പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച നടത്തും

വിഴിഞ്ഞം തുറമുഖത്തിന്‍റെ റയില്‍, റോഡ് കണക്ടിവിറ്റി പ്രശ്നം പരിഹരിക്കാന്‍ തുറമുഖമന്ത്രി വി.എന്‍.വാസവന്‍ വിളിച്ച അവലോകനയോഗം തീരുമാനിച്ചു. ഇതിനായി ദേശീയപാത അതോറിറ്റിയുമായും റയില്‍വേയുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. തുറമുഖത്തിന്‍റെ പ്രവര്‍ത്തനം ഓണത്തിനു തന്നെ തുടങ്ങാമെന്നാണ് യോഗം വിലയിരുത്തിയത്. 

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് ചേര്‍ന്ന അവലോകനയോഗം നിര്‍മാണ പുരോഗതി വിലയിരുത്തി. തുറമുഖത്തേക്കുള്ള റോഡ്, റയില്‍ കണക്ടിവിറ്റിയുടെ കാര്യത്തിലാണ് മെല്ലെപ്പോക്കുള്ളത്. നേരത്തെ വിഭാവനം ചെയ്തപോലെ ദേശീയപാതയിലേക്ക് ട്രംപെറ്റ് കവല നിര്‍മിക്കണമെങ്കില്‍ പത്തേക്കര്‍ സ്ഥലം ഏറ്റെടുക്കണം. തല്‍ക്കാലം ട്രംപെറ്റ് കവലയില്ലാതെ തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന് വേണ്ട 32 സെന്‍റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ദേശീയപാത അതോറിറ്റിയുടെ അനുമതി വേണം. അതിനായി സര്‍ക്കാര്‍ എന്‍.എച്ച്.എ.ഐയുമായി ചര്‍ച്ച നടത്തും. 

പ്രതീക്ഷിച്ച വേഗത്തില്‍ നിര്‍മാണം പുരോഗമിക്കുന്നെന്നും ജൂണില്‍ ട്രയല്‍ നടത്താന്‍ സാധിക്കുമെന്നുമാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഓണത്തോടെ തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ സാധിക്കും.