പണപ്പെട്ടിയിൽ കയ്യിട്ടുവാരി പൊലീസുകാരൻ; ‘സ്ഥിരം പരിപാടി’ കയ്യോടെ പൊക്കി കടക്കാരൻ

ഇടുക്കി പാമ്പനാറിലെ വ്യാപാരസ്ഥാപനത്തിൽ നിന്നു പണം മോഷ്ടിച്ച പൊലീസുകാരൻ 3 മാസം മുൻപു കുട്ടിക്കാനത്തെ കടയിൽനിന്നും പണം അപഹരിച്ചെന്നു പരാതി. പാമ്പനാറിലെ അതേ തന്ത്രമായിരുന്നു കുട്ടിക്കാനത്തും പയറ്റിയത്. കടയുടമയുമായി അടുപ്പത്തിലായ പൊലീസുകാരൻ സ്വാതന്ത്ര്യം മുതലെടുത്തു കാഷ് കൗണ്ടറിൽ ഇരിക്കുന്നതു പതിവാക്കി.

പൊലീസുകാരൻ കടയിൽ വരുന്ന ദിവസങ്ങളിൽ പണപ്പെട്ടിയിൽ തുക കുറയുന്നതു കടയുടമയുടെ ശ്രദ്ധയിൽപെട്ടു. തുടർന്നു പരീക്ഷണത്തിനായി ഒരു നോട്ട് നമ്പറെഴുതി പെട്ടിയിൽ ഇട്ടു. പൊലീസുകാരൻ വന്നുപോയതിനൊപ്പം ആ നോട്ടും അപ്രത്യക്ഷമായി. ഇതോടെ കടയുടമ പൊലീസുകാരൻ കൗണ്ടറിൽ കയറുന്നതു തടഞ്ഞു.

പരാതിയുമായി പോകരുതെന്നു മറ്റു ചില പൊലീസുകാർ ഉപദേശിച്ചതോടെ കടയുടമ പിൻവാങ്ങി. പാമ്പനാറിലെ സംഭവം പുറത്തുവന്ന തോടെയാണു കുട്ടിക്കാനത്തെ വ്യാപാരി രംഗത്തുവന്നത്. രണ്ടു സംഭവങ്ങളിലും ഔദ്യോഗികമായി പരാതി ഇല്ലാത്തതിനാൽ പൊലീസു കാരനെതിരെ കേസെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവിക്കു മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനോജ് രാജൻ സംഭവത്തിൽ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. പാമ്പനാറിലും കുട്ടിക്കാനത്തും വ്യാപാരികൾ പരാതി നൽകാതിരിക്കാൻ സമ്മർദമുണ്ട്. പരാതി കൊടുത്താൽ കേസിൽ കുടുക്കുമെന്നാണു ഭീഷണി. നേരിട്ടെത്തിയും ബന്ധുക്കളും സുഹൃത്തുക്കളും മുഖേനയും പൊലീസുകാർ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്.