അതിഥി തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഒഴുകുന്നു; ഇതുവരെ 30 കേസുകള്‍

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി വേട്ടയുമായി പൊലീസ്. പരിശോധനയിൽ കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കൾ പിടികൂടി. ലഹരി പിടികൂടിയതിൽ 30 കേസുകൾ പൊലീസ് റജിസ്റ്റർ ചെയ്തു

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇരുപതോളം ടീമുകളാണ് പരിശോധനയ്ക്കിറങ്ങിയത്. മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, അതിഥിത്തൊഴിലാളികൾ കൂടുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ,  എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധനയിൽ നിരവധി പേരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും, രാസലഹരി ഉൾപ്പെടെയുള്ളവയും പിടികൂടി. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെയും കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് വിൽക്കുന്ന സംഘവും പിടിയിലായി. 

വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. ലഹരിമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടി. മുപ്പതോളം കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.

രാവിലെ പതിനൊന്നരയോടെ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഉത്തമ പൗരൻ എന്ന നിലയിലും, പൊലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും, ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന ചൊല്ലിക്കൊടുത്തു. ഇരുനൂറോളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.

Police seized drugs from guest workers