കുടിശിക തീർക്കാത്തതിൽ പ്രതിഷേധം; കോർപറേഷനെതിരെ കരാറുകാർ

കുടിശിക തീര്‍ക്കാത്തതില്‍ കൊച്ചി കോര്‍പറേഷനെതിരെ പ്രതിഷേധവുമായി കരാറുകാര്‍. 100 കോടിയിലധികം കുടിശികയുള്ളപ്പോഴും ചില കരാറുകാരെ മാത്രമാണ് കോര്‍പറേഷന്‍ പരിഗണിക്കുന്നതെന്നാണ് കരാറുകാരുടെ ആരോപണം. പ്രതിഷേധത്തിന്‍റെ ഭാഗമായി കോര്‍പറേഷന്‍ സെക്രട്ടറിയെ സംയുക്ത സമരസമിതി ഉപരോധിച്ചു.

സീനിയോറിറ്റി മാനദണ്ഡപ്രകാരം കുടിശിക തീര്‍ക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കെയാണ് ചില കരാറുകാര്‍ക്ക് മാത്രം പണം അനുവദിച്ചുകൊണ്ട് കൊച്ചി കോര്‍പറേഷന്‍റെ വിവേചനം. പലതവണ നടത്തിയ സമരങ്ങളും ചര്‍ച്ചകളും ഫലം കാണാതെ വന്നതോടെയാണ് കരാറുകാരുടെ സംയുക്ത സമരസമിതി കോര്‍പറേഷന്‍ സെക്രട്ടറിയെ ഉപരോധിച്ചത്.

മൂന്നു വര്‍ഷത്തിലധികമായി ഭൂരിഭാഗം കരാറുകാര്‍ക്കും കുടിശിക ലഭിക്കാതിരിക്കുമ്പോഴും, ചിലര്‍ക്ക് മാത്രം കോര്‍പറേഷനില്‍ ബില്ലുകള്‍ യഥേഷ്ടം പാസായികിട്ടുന്നു. കോവിഡ് കാലത്ത് ബില്ലുകള്‍ പാസാക്കാന്‍ നടപ്പിലാക്കിയ മുന്‍ഗണനാ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഈ പ്രത്യേക പരിഗണന. കുടിശിക തിര്‍ത്തില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് കരാറുകാരുടെ തീരുമാനം. കൊച്ചി കോര്‍പറേഷന്‍ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍, കേരള ഗവണ്‍മെന്‍റ് കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധിച്ചത്.