കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ ഇറാനിയന്‍ ബോട്ട് കൊച്ചിയിലെത്തിച്ചു

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ട് കൊച്ചിയിൽ എത്തിച്ചു. തമിഴ്നാട് സ്വദേശികളായ 6 തൊഴിലാളികളെയടക്കമാണ് കൊച്ചിയിലെത്തിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്യും. 

രാവിലെ 9:45 ഓടെയാണ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ട് കൊച്ചിയിൽ എത്തിച്ചത്. ബോട്ടിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളെയടക്കം കൊച്ചിയിലെ കോസ്റ്റ് ഗാർഡിൻ്റെ ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. തൊഴിലുടമയുടെ പീഡനം മൂലമാണ് ഇവർ ഇറാനിൽ നിന്നും ബോട്ടുമായി നാട്ടിലേക്ക് കടന്നത്. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യംചെയ്യാനാണ് കോസ്റ്റ് ഗാർഡിന്റെ തീരുമാനം. ഇതിനുശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. ഏപ്രിൽ 24നാണ് ഇറാനിലെ കിഷ് തുറമുഖത്ത് നിന്നും തമിഴ്നാട് സ്വദേശികള്‍ ബോട്ടുമായി പുറപ്പെട്ടത്. യാത്രയ്ക്കിടെ ഇന്ധനം തീർന്നതോടെ ശനിയാഴ്ച്ച വൈകിട്ട് 4ന് കൊയിലാണ്ടി തീരത്ത് നിന്ന് 24 നോട്ടിക്കൽ മൈൽ അകലെ ബോട്ട് കുടുങ്ങി. തുടർന്ന് തൊഴിലാളികള്‍ തമിഴ്നാട് ഫിഷർമെൻ അസോസിയേഷൻ ഭാരവാഹികളെ ബന്ധപ്പെടുകയും, ഇവര്‍ തമിഴ്നാട് സർക്കാർ, കോസ്റ്റ് ഗാർഡ്, ഫിഷറീസ് എന്നിവിടങ്ങളില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കോസ്റ്റ്ഗാർഡ് നടത്തിയ തിരച്ചിലിലാണ് ബോട്ടും, തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തത്. 

കഴിഞ്ഞ മാര്‍ച്ചിൽ ഇറാനിൽ മത്സ്യബന്ധന ബോട്ടിൽ ഇവര്‍ ജോലിക്കെത്തിയ തൊഴിലാളികൾക്ക് കരാർ പ്രകാരമുള്ള ശമ്പളമോ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല.  ശമ്പളം ചോദിക്കുമ്പോൾ മർദനം തുടങ്ങിയതോടെയാണ് തൊഴിലാളികൾ പ്രാണരക്ഷാർഥം ബോട്ടുമായി നാട്ടിലേക്ക് പുറപ്പെട്ടത്.

Iranian boat seized by the coast guard was brought to kochi

Enter AMP Embedded Script