പാളയിൽ നിന്നും പാത്രങ്ങൾ; ട്രൻഡായി വ്യവസായം; ദമ്പതികളുടെ വിജയഗാഥ

പറമ്പില്‍ വെറുതെ കിടന്ന് പാഴായി പോവുന്ന കവുങ്ങിന്‍ പാളയില്‍ നിന്ന് ഒരു വ്യവസായം വിജയമാക്കി തീര്‍ക്കുകയാണ് രണ്ട് ദമ്പതികള്‍.കോട്ടയം മീനടം സ്വദേശികളായ  കുര്യാക്കോസ് കെ.മാത്യുവും ഭാര്യ ഷൈബിയും തയാറാക്കുന്ന പാള കൊണ്ടുള്ള പാത്രങ്ങള്‍ക്ക് ആവശ്യക്കാരേറെയും വിദേശത്തു നിന്നാണ്. കയറ്റുമതിക്കൊപ്പം പ്രാദേശിക വിപണിയിലും ചുവടുറപ്പിച്ച ദമ്പതികളുടെ വിശേഷങ്ങളറിയാം.

ഒത്ത വീതിയും നീളവുമുള്ള  പാളയുണ്ടോ....എങ്കില്‍ വരുമാനത്തിന് വഴിയുണ്ടെന്നാണ് കുര്യാക്കോസ് കെ.മാത്യുവിന്റെയും ഭാര്യ ഷൈബിയുടെ പക്ഷം.പറമ്പില്‍ ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്നിരുന്ന പാളയ്ക്ക് പുതിയ രൂപം നല്‍കിയതോടെ പാളപ്പാത്രങ്ങള്‍ ട്രെന്‍ഡാവുകയാണ്. ജര്‍മനി,ന്യുയോര്‍ക്ക്,ഒസ്ട്രേലിയ,കുവൈറ്റ് തുടങ്ങി  കയറ്റി അയച്ചിടത്തെല്ലാം ആവശ്യക്കാര്‍ കൂടി.കഴുകി വ്യത്തിയാക്കി അടുക്കിവെച്ച് വെള്ളം മാറിയ പാളയാണ് പാത്രങ്ങള്‍ ഉണ്ടാക്കാന്‍ മികച്ചതെന്ന് ഷൈബി പറയുന്നു.

ചെറിയ ഈര്‍പ്പമുള്ള പാളയിലേക്ക് ചൂട് നല്‍കി മെഷീനിലേക്ക് കടത്തിവിടുന്നതോടെ വേണ്ട ആകൃതിയില്‍ നിര്‍മിച്ചെടുക്കാം.സോപ്പ് പെട്ടികള്‍ ,സ്പൂണുകള്‍,വിവിധയിനം പാത്രങ്ങള്‍ തുടങ്ങിയവയൊക്കെയും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍മിച്ചെടുക്കാം. പരിസരത്ത് നിന്ന് കിട്ടുന്ന പാളയ്ക്ക് പുറമേ വടക്കന്‍ ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് വാങ്ങുന്നുണ്ട്‌.സ്വന്തമായി മെഷീന്‍ ഉണ്ടാക്കി വ്യവസായം ആരംഭിച്ച കുര്യാക്കോസ് ഈ രംഗത്തേക്ക് വരാന്‍  ആഗ്രഹിക്കുന്നവര്‍ക്കും മെഷീനുകള്‍ നിര്‍മിച്ച് നല്‍കുന്നുണ്ട്.