വഴിയോരത്ത് തള്ളി, കാടുകയറി നശിച്ച് സ്കൂൾ ബസ്; റീത്ത് വച്ച് പ്രതിഷേധം

പൊതുഖജനാവില്‍ നിന്നു ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ സ്കൂള്‍ ബസ് വഴിയോരത്ത് തള്ളി. എറണാകുളം കരുമാലൂരിലെ ബഡ്സ് സ്കൂളിലെ വാഹനമാണ് കാടുകയറി നശിക്കുന്നത്.

ഒരു വര്‍ഷത്തിലധികമായി ഈ ബസ് ഇവിടെ ഇങ്ങിനെ കിടക്കുന്നു. തകരാര്‍ പരഹിരിച്ച് ബസ് സഞ്ചാര യോഗ്യമാക്കാന്‍ ആരും ഇതുവരെ ഈ വഴിക്ക് വന്നിട്ടില്ല. പരാതി എഴുതിയും പറഞ്ഞും മടുത്ത കരുമാലൂര്‍ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ ഒടുവില്‍ വാഹനത്തില്‍ റീത്ത് വെച്ചു പ്രതിഷേധിച്ചു.

കാലപ്പഴക്കം ചെന്ന ബസിന്റെ തകരാറ് പരിഹരിക്കണമെങ്കില്‍ കുറച്ചധികം പണം വേണമെന്നും അതിനാല്‍ പുതിയത് വാങ്ങാനുള്ള ശ്രമത്തിലാണെന്നുമാണ് എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ വിശദീകരണം. കരുമാലൂര്‍ പഞ്ചായത്ത് നേരിട്ടു നടത്തുന്ന ബഡ്സ് സ്കൂളിലേക്ക് 2013ലാണ് ബസ് വാങ്ങിയത്.