ടീച്ചറമ്മയുടെ തണലിൽ 22 പേർ; സ്വന്തം വീട് പുനരധിവാസ കേന്ദ്രമാക്കി; മാതൃക

ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് കാല്‍ നൂറ്റാണ്ടായി തണലൊരുക്കി എറണാകുളത്ത് ഒരുകുടുംബം. മദര്‍ കെയര്‍ എന്ന പേരില്‍ സ്വന്തം വീടാണ് ചൂണ്ടി സ്വദേശികളായ സണ്ണി, ഡോളി ദമ്പതികള്‍ സെറിബ്രല്‍ പാള്‍സി രോഗബാധിതര്‍ക്കായി പുനരധിവാസ കേന്ദ്രമാക്കിയത്. അനാഥരായ ഭിന്നശേഷിക്കാര്‍ക്ക് ലാഭേച്ഛയില്ലാതെ കരുതലൊരുക്കുന്ന ഇവരെപ്പോലുള്ളവരെയാണ് സമൂഹം മാതൃകയാക്കേണ്ടത്.

നാല്‍പത്തിനാല് പിന്നിട്ട സുരേഷും ഏഴ് വയസുകാരന്‍ അലക്സുമടക്കം അറുപത് ശതമാനത്തിലധികം ഭിന്നശേഷിയുള്ള 22 പേരാണ് ഡോളിയെന്ന ടീച്ചറമ്മയുടെ തണലില്‍ ഇവിടെയുള്ളത്. എല്ലാവരും ഹാപ്പിയാണ്. സ്പെഷല്‍ സ്കൂള്‍ അധ്യാപികയായിരുന്ന ഡോളിയും ഭര്‍ത്താവ് സണ്ണിയും േചര്‍ന്ന് 1997ല്‍ സ്വന്തം വീട്ടില്‍ തുടങ്ങിയതാണ് ഈ സംരക്ഷണ കേന്ദ്രം.  സെറിബ്രല്‍ പാള്‍സി ബാധിതരായ 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കാണ് പുനരധിവാസം. പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടും പോകാന്‍ മറ്റിടമില്ലാത്തവരും ടീച്ചറമ്മയുടെ തണലില്‍ ഇവിടെ തുടരുന്നുണ്ട്. 

മാതാപിതാക്കള്‍ ഉപേക്ഷിച്ചവരും, െസറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത കുടുംബങ്ങളില്‍ നിന്നുള്ളവരുമാണ് ഡോളിയുടെ കരുതലില്‍ കഴിയുന്നത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍‍ഡ്, സിഡബ്ല്യുസി എന്നിവിടങ്ങളില്‍ നിന്നാണ് കുട്ടികളെ കൈമാറുന്നത്. ഡോളിയുടെ സ്വന്തം മക്കള്‍ വളര്‍ന്നതും ഇവര്‍ക്കൊപ്പമാണ്. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും ആരുമില്ലാത്തവരുടെ ഈ സംതൃപ്തിയാണ് ഡോളിയുടെയും കുടുംബത്തിന്റെയും സന്തോഷം.