കോവിഡില്‍ നിര്‍ത്തിവെച്ച ട്രെയിനുകള്‍ പുനരാരംഭിക്കണം; യാത്രക്കാരുടെ പ്രതിഷേധം.

കോവിഡ് കാലത്ത് നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ യാത്രക്കാരുടെ പ്രതിഷേധം. സർവീസുകൾ പൂർണമായും പുനസ്ഥാപിക്കാത്തത് കടുത്ത അവഗണന ആണെന്നാണ് യാത്രക്കാരുടെ ആക്ഷേപം. യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തിവച്ച ട്രെയിന്‍ സര്‍വീസുകൾ പുനഃസ്ഥാപിച്ച പോൾ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന പല ട്രെയിനുകളും ഒഴിവാക്കി എന്നാണ് പരാതി. എറണാകുളത്തേക്ക് രാവിലെ ഉദ്യോഗസ്ഥരും ജോലിക്കാരും യാത്രചെയ്യുന്ന എറണാകുളം കായംകുളം കൊല്ലം മെമു പാസഞ്ചർ പുനരാരംഭിക്കാത്തതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായത്.

കോവിഡിന് മുൻപ് ദിവസവും ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന തീവണ്ടി ആയിരുന്നു എറണാകുളം കായംകുളം കൊല്ലം മെമു സർവീസ്.എറണാകുളം സൗത്ത് സ്റ്റേഷന്‍‌ മാസ്റ്ററുടെ ഓഫീസിന് മുന്‍പില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ നൂറു കണക്കിന് യാത്രക്കാര്‍ പങ്കെടുത്തു. ഹൈബി ഈഡന്‍ എം പി സംഗമം ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ മാസ്റ്ററുടെ കംപ്ലൈൻ്റ് ബുക്കിൽ എംപി പരാതി രേഖപ്പെടുത്തി.