പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ കഴുത്തില്‍ കത്തിവെച്ച് പണം കവര്‍ന്നു; പ്രതി പിടിയില്‍

കൊച്ചിയില്‍ പെട്രോള്‍ പമ്പില്‍നിന്നും പണം കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ പറവൂര്‍ സ്വദേശി സഹീര്‍ ആണ് പിടിയിലായത്. കഴിഞ്ഞ 29ന് രാത്രിയിലാണ് എറണാകുളം നോർത്തിലെ പെട്രോൾ പമ്പില്‍ നിന്നും ജീവനക്കാരന്‍റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി കേസുകളില്‍ പ്രതിയായ പറവൂര്‍ കോട്ടുവള്ളി സ്വദേശി സഹീര്‍ പൊലീസ് പിടിയിലാകുന്നത്. 

മുഖം മറച്ചും, ഹെല്‍മെറ്റ് ധരിച്ചെത്തിയുമാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. പ്രതികള്‍ വന്ന വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റുകള്‍ ഇളക്കിമാറ്റിയിരുന്നു. ഇരുന്നൂറോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ച് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് എറണാകുളം നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ ബൈജു ഇ.ആറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.

2016ൽ പറവൂർ ബീവറേജ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ചതിന് സഹീറിനെതിരെ കേസുണ്ട്. 2018ല്‍ കുസാറ്റിലെ വിദ്യാര്‍ഥികളെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.